
കൊച്ചി: സിപിഎം പാര്‍ട്ടി കോൺഗ്രസില്‍ പങ്കെടുക്കാനിടയായ സാഹചര്യത്തെകുറിച്ച് കോൺഗ്രസ് നേതാവ് പ്രൊഫസര്‍ കെ വി തോമസ് എഐസിസിക്ക് വിശദീകരണം നല‍്കി. പങ്കെടുക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനാല്‍ നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്ന് നേരത്തെ എഐസിസി കെ വി തോമസിനോട് ആവശ്യപെട്ടിരുന്നു.
ഇന്ന് വൈകിട്ട് ഇ മെയില്‍ മുഖേനയാണ് കെ വി തോമസ് മറുപടി നല്‍കിയത്. നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ദേശിയ രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ കോണ്‍ഗ്രസ് ശത്രുവായി കണേണ്ടതില്ലെന്നും മറുപടിയിലുണ്ടെന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയോഗത്തിലേക്ക് കെ വി തോമസിനെ ക്ഷണിച്ചിട്ടില്ല.
കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്ന വാര്‍റൂമില്‍ മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസയക്കാന്‍ തീരുമാനിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഗുരുതരമായ അച്ചടക്ക ലംഘനമാണ് തോമസ് നടത്തിയതെന്ന് അച്ചടക്ക സമിതി വിലയിരുത്തി. പാര്‍ട്ടി ഭരണ ഘടന പ്രകാരം തന്നെ കാര്യങ്ങള്‍ നീങ്ങട്ടെയെന്ന് എ കെ ആന്‍റണി നിര്‍ദ്ദേശിച്ചു. അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്ത കെ സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്ന ആക്ഷേപമുന്നയിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് കെ വി തോമസ് പ്രതികരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam