ജമ്മു-കശ്മീര്‍ ഭരണഘടന ഭേദഗതി: പ്രതിഷേധിക്കാന്‍ കെപിസിസി; നാളെ അടിയന്തര രാഷ്ട്രീയ കാര്യ സമിതി

By Web TeamFirst Published Aug 5, 2019, 11:22 PM IST
Highlights

ഇന്ത്യയുടെ ജനാധിപത്യത്തെയും ബഹുസ്വരതയെയും കശാപ്പു ചെയ്ത കറുത്ത ദിനമായി 2019 ഓഗസ്റ്റ് 5 ചരിത്രത്തില്‍ ഇടംപിടിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു

തിരുവനന്തപുരം: ജമ്മു-കശ്മീരിനെ വിഭജിച്ചും പ്രത്യേക പദവി എടുത്തു കളഞ്ഞുമുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കെപിസിസി. ജമ്മു- കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ഫാസിസ്റ്റ് ശൈലിയാണെന്ന് അഭിപ്രായപ്പെട്ട കെപിസിസി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇന്ദിരാഭവനില്‍ വച്ച് അടിയന്തര രാഷ്ട്രീയകാര്യ സമിതി യോഗം ചേരുമെന്ന് അറിയിച്ചു.

ഇത് ഇന്ത്യയുടെ കറുത്ത ദിനം: മുല്ലപ്പള്ളി

ഇന്ത്യയുടെ ജനാധിപത്യത്തെയും ബഹുസ്വരതയെയും കശാപ്പു ചെയ്ത കറുത്ത ദിനമായി 2019 ഓഗസ്റ്റ് 5 ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന്  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ പിച്ചിച്ചീന്തിയും പാര്‍ലമെന്‍റിനെ നോക്കുകുത്തിയാക്കിയുമാണ് ജമ്മു-കാശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന 35എ, 370 എന്നീ ഭരണഘടനാ വകുപ്പുകള്‍ എടുത്തു കളഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്രയും നാളും കാശ്മീരിനെ ഇന്ത്യയോടു ചേര്‍ത്തു നിര്‍ത്തിയത് ഈ പ്രത്യേക അധികാരാവകാശങ്ങളായിരുന്നു. ഇവ റദ്ദാക്കിയതോടെ ഇനി വരാനിരിക്കുന്നത് അശാന്തിയുടെ നാളുകളായിരിക്കുമെന്നു മുല്ലപ്പള്ളി പറഞ്ഞു.

ജമ്മു- കാശ്മീരില്‍ ഭൂമി വാങ്ങുന്നതിനും താമസിക്കാനുമുള്ള അവകാശം, സര്‍ക്കാര്‍ ജോലികളില്‍ സംവരണം, പഠനത്തിനു സര്‍ക്കാര്‍ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരവാസികള്‍ക്കു മാത്രമായി നിജപ്പെടുത്തിയിരുന്നത് എടുത്തു കളയുന്നതോടെ അവിടത്തെ ജനസംഖ്യാപരമായ അവസ്ഥയില്‍ പോലും മാറ്റം വരുകയും അതു കൂടുതല്‍ സംഘര്‍ഷത്തിന് ഇടവരുത്തുകയും ചെയ്യും. പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാഷ്ട്രപതി ഇതു സംബന്ധിച്ച ബില്ലില്‍ ഒപ്പിട്ടത്. ഏഴു പതിറ്റാണ്ടായി നിലനില്ക്കുന്ന ജമ്മു- കാഷ്മീരിലെ രാഷ്ട്രീയ സംവിധാനം ഒരു ചര്‍ച്ചയും നടത്താതെയും ആരോടും കൂടിയാലോചിക്കാതെയുമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ചില അതിര്‍ത്തി സംസ്ഥാനങ്ങളിലും ഇത്തരം ചില അവകാശങ്ങള്‍ നല്കിയിട്ടുണ്ടെങ്കിലും ജമ്മു-കശ്മീരിന്റെ പദവിയില്‍ മാത്രം അഴിച്ചു പണി നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.  

click me!