
ദില്ലി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ദില്ലിയിൽ ഉന്നത നേതാക്കളെ കണ്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സോണിയാ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു നിർണായക കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളും പുതിയ അധ്യക്ഷ നിയമനവും ഉടൻ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഹൈക്കമാൻഡിനെ ധരിപ്പിച്ചു. എന്നാൽ കൂടിക്കാഴ്ചയിൽ പേരുകൾ മുൻനിർത്തിയുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതെസമയം സന്ദർശന വേളയിൽ നേതാക്കൾക്ക് ഓണാശംസകൾ നേർന്ന രമേശ് ചെന്നിത്തല കേരളത്തനിമയുള്ള സമ്മാനങ്ങളും കൈമാറി. സോണിയാ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കേരള സാരിയും, രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖർഗെയ്ക്കും കസവ് മുണ്ടുകളുമാണ് അദ്ദേഹം സമ്മാനമായി നൽകിയത്. കൂടാതെ ഓപ്പറേഷൻ തൂഫാൻ പ്രചാരണ പരിപാടിയെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രത്യേകമായി അഭിനന്ദിച്ചു. പദ്ധതിയുടെ പ്രവർത്തന രീതികളെക്കുറിച്ചും ഘടനയെക്കുറിച്ചും നേതാക്കൾ ചോദിച്ചറിഞ്ഞു. വരും മാസങ്ങളിൽ ഈ പരിപാടി കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും, ഒക്ടോബറിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam