
തിരുവനന്തപുരം : കെഎസ്‍യു, മഹിള കോൺഗ്രസ് പുനഃസംഘടനയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് അതൃപ്തി. സംസ്ഥാനത്തെ ചർച്ചകൾ മറികടന്ന് ദില്ലിയിൽ നിന്നും അവസാനഘട്ടത്തിൽ പട്ടികയിൽ മാറ്റം വരുത്തിയെന്നാണ് ആക്ഷേപം. അതൃപ്തി ഹൈകമാന്റിനെ അറിയിച്ചു. സംസ്ഥാന നേതൃത്വത്തെ മറികടന്ന് ദില്ലിയിൽ നിന്നും മാറ്റങ്ങളുണ്ടായെന്നാണ് ആക്ഷേപം. മഹിളാ കോൺഗ്രസ് നേതൃത്വത്തിലേക്കുള്ള കെപിസിസി അധ്യക്ഷന്റെ നോമിനികളെ അവഗണിച്ചു. കെഎസ്‍യു നേതൃത്വത്തിലേക്ക് സംസ്ഥാന നേതൃത്വം ചർച്ചകളിലുടെ നൽകിയ പട്ടികയും അട്ടിമറിക്കപ്പെട്ടുവെന്നാണ് ആക്ഷേപം. പുനഃസംഘടനയിൽ അതൃപ്തിയറിയിച്ച് വി ടി ബൽറാമും കെ ജയന്തും കെ എസ് യു ചുമതല ഒഴിഞ്ഞു. ചുമതല ഒഴിയുന്നതായി കെപിസിസി പ്രസിഡന്റിനെ അറിയിച്ചു. മാനദണ്ഡങ്ങൾ മാറ്റി ജമ്പോ പട്ടിക ഉണ്ടാക്കിയതിൽ അതൃപ്‌തിയറിയിച്ചാണ് രാജി. 25 അംഗ പട്ടിക മതി എന്ന് നിർബന്ധം പിടിച്ച നേതൃത്വം 80 അംഗ പട്ടികയാണ് ഒടുവിൽ ഇറക്കിയത്. അവിവാഹിതർ മാത്രം മതി എന്ന മാനദണ്ഡം മാറ്റിയതിലും അതൃപ്‌തിയിലാണ് നേതാക്കൾ.