
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിയെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത് കോൺഗ്രസ് ആലോചിക്കട്ടെ എന്നാണ്, അത്രമാത്രമേ അദ്ദേഹത്തിന് പറയാൻ കഴിയൂ. കാരണം സിപിഎം ഇതിലും ഗൗരവമുള്ള വലിയ കേസുകളിൽ ആലോചിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയ സണ്ണി ജോസഫ് സിപിഎമ്മിനേയും ബിജെപിയേയും താരതമ്യപ്പെടുത്തിയുള്ള പ്രതികരണമാണ് നടത്തിയത്.
ബിജെപിക്കും ഞങ്ങളെ ഉപദേശിക്കാൻ ധാർമികതയില്ല. ബ്രിജ്ഭൂഷൻ്റെ കേസും, യെദിയൂരപ്പയുടെ കേസും ഉന്നാവ് കേസും നമുക്ക് മുന്നിലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ പാർട്ടി സ്ഥാനം രാജിവച്ച് കഴിഞ്ഞു. ബാക്കി കാര്യങ്ങൾ ഞങ്ങൾ ആലോചിച്ച് ചെയ്യുമെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു. അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോണ്‍ഗ്രസിൽ ധാരണയായി.
അതേസമയം, രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുലിനെതിരായ എല്ലാ ആരോപണങ്ങളും സമിതി അന്വേഷിക്കും. ലൈംഗികാതിക്രമ കേസ് നേരിട്ടിട്ടും മുകേഷ് എംഎൽഎയായി തുടരന്നതടക്കം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നുള്ള ആവശ്യത്തെ പ്രതിരോധിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam