
തിരുവനന്തപുരം: അതിഥിതൊഴിലാളികള്‍ക്കുള്ള യാത്രാചെലവ് വഹിക്കാനുള്ള നീക്കം പാളിയതിന് പിന്നാലെ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങി മലയാളികളെ നാട്ടിലെത്തിക്കാമെന്ന വാഗ്ദാനവുമായി കെപിസിസി. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പിസിസികളുടെ സഹായത്തോടെയാണ് പുതിയ നീക്കം ആലോചിക്കുന്നത്. എന്നാൽ ഇതിനോടും സംസ്ഥാന സര്‍ക്കാര്‍ മുഖംതിരിക്കാനാണ് സാധ്യത.
ആയിരക്കണക്കിന് മലയാളികളെ ബാധിക്കുന്ന വിഷയമെന്ന നിലയില്‍, തങ്ങളുടെ ശ്രമത്തിന് ജനപിന്തുണ കിട്ടുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. സോണിയാഗാന്ധിയുടെ ആഹ്വാനപ്രകാരം അതിഥി തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കാനുള്ള നീക്കം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. 10 ലക്ഷം രൂപയുടെ ചെക്കുമായി ജില്ലാ കളക്ടര്‍മാരുടെ മുന്നിലെത്തിയ ഡിസിസി അധ്യക്ഷന്‍മാരെ കളക്ടര്‍മാര്‍ മടക്കിയയച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തുകൊണ്ടാണം പണം നൽകാത്തതെന്നും, അതിഥി തൊഴിലാളികൾക്ക് നേരിട്ട് സഹായം നൽകാത്തത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യങ്ങളോട് കെപിസി നേതൃത്വം വ്യക്തമായ മറുപടി നൽകിയില്ല. ഇതിനിടയിലാണ് പ്രവാസികളുടെ മടക്കത്തോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളെ നാട്ടിലെത്തിക്കുന്ന വിഷയം സജീവമായത്.
വിദ്യാര്‍ഥികളടക്കം പല സ്ഥലങ്ങളിലും കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്. മതിയായ യാത്രാപാസില്ലാതെ അതിര്‍ത്തിയിലെത്തിയ മലയാളികളെ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ പ്രതിപക്ഷനേതാവും എംപിമാരടക്കം കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാരിനെ വിമര്‍ശിച്ചു. രോഗവ്യാപന സാധ്യത ചൂണ്ടിക്കാട്ടി ഇത്തരം നീക്കങ്ങള്‍ അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.
ഈ സാഹചര്യത്തിലാണ് കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് കമ്മിറ്റികളുടെ പിന്തുണയോടെ ആയിരക്കണക്കിന് മലയാളികളെ തിരിച്ചെത്തിക്കാമെന്ന കെപിസിസിയുടെ വാഗ്ദാനം. മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ട്രെയിന്‍ ഏര്‍പെടുത്തിയാല്‍ ചെലവ് കെപിസിസി വഹിക്കും. കുടുങ്ങികിടക്കുന്ന വിദ്യാര്‍ഥികള്‍, കച്ചവടത്തിനായി പോയ ചെറുകിട വ്യാപാരികള്‍ ദിവസവേതന തൊഴിലാളികള്‍ എന്നിങ്ങനെ ആയിരക്കണക്കിനാളുകളുടെ വിഷയത്തില്‍ നേരിട്ടിടപെടാനൊരുങ്ങുകയാണ് കെപിസിസി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam