
തൊടുപുഴ: ഇടുക്കിയിൽ വീണ്ടും ആശങ്ക ഒഴിഞ്ഞു. അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ ജില്ല കൊവിഡ് മുക്തമായി. എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ കൊവിഡ് ബാധിച്ച പതിനാല് പേരും രോഗമുക്തരായി ആശുപത്രി വിട്ടു.
ഏലപ്പാറയിലെ ആശാപ്രവർത്തകയാണ് ഒടുവിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. ജില്ലയിൽ ആകെ 24 പേർക്കായിരുന്നു കൊവിഡ് ബാധിച്ചത്. രണ്ടാം ഘട്ടമായിരുന്നു കൂടുതൽ വെല്ലുവിളി ആയത്. വിദേശത്ത് നിന്നും, തമിഴ്നാട്ടിൽ നിന്നും വന്നവരാണ് ഇതിലേറെയുണ്ടായിരുന്നത്.
കടുത്ത ജാഗ്രത പുലർത്തിയതിനാൽ സമൂഹവ്യാപനമടക്കം ഒഴിവാക്കാനായി. കൊവിഡ് മുക്തമെങ്കിലും ജില്ലയിലെ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകില്ല. ഗ്രീൻ സോണിൽ നിന്ന് പൊടുന്നനെ റെഡ് സോണിലേക്ക് മാറിയ ഒരനുഭവം മുമ്പുള്ളതിനാലാണിത്. കടകളുടെ പ്രവർത്തനസമയത്തിൽ ചിലപ്പോൾ ഇളവ് അനുവദിച്ചേക്കും. ഇതിൽ തിങ്കളാഴ്ചയെ തീരുമാനമുണ്ടാകൂ. അതിർത്തികളിൽ കർശന നിരീക്ഷണം തുടരുകയാണ്.ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ വരവ് വരും ദിവസങ്ങളിൽ കൂടുമെന്നതിനാൽ ഇവിടെ കൂടുതൽ ജാഗ്രത വേണ്ടിവരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam