സഭ ഭൂമി ഇടപാട്: വിവാദം അവസാനിപ്പിക്കാൻ വത്തിക്കാൻ, കോട്ടപ്പടി ഭൂമി വിറ്റ് നഷ്ടം നികത്താൻ നിർദ്ദേശം

By Web TeamFirst Published Jun 25, 2021, 11:35 AM IST
Highlights

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് കുരുക്കാവുന്നതാണ് വത്തിക്കാൻ നിയോഗിച്ച കെപിഎംജി കമ്മിഷന്റെ റിപ്പോർട്ട്

കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാട് വിവാദം അവസാനിപ്പിക്കാൻ വത്തിക്കാൻ നിർദ്ദേശം. കോട്ടപ്പടി ഭൂമി വിറ്റ് നഷ്ടം നിക്കത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഭൂമി വില്പന നടത്താൻ സിനഡിന് നിർദ്ദേശം നൽകി. വിൽപ്പന തടയുന്നവർക്കെതിരെ കർശന നടപടിക്കും നിർദ്ദേശമുണ്ട്. വിവാദം അന്വേഷിക്കാൻ വത്തിക്കാൻ നിയോഗിച്ച കെപിഎംജി സമിതിയുടെ റിപ്പോർട്ട്‌ പരിശോധിച്ചാണ് നിർദ്ദേശം.

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് കുരുക്കാവുന്നതാണ് വത്തിക്കാൻ നിയോഗിച്ച കെപിഎംജി കമ്മിഷന്റെ റിപ്പോർട്ട്. തന്‍റെ പേരിൽ പത്ത് കോടി വിലമതിക്കുന്ന ദീപിക പത്രത്തിന്‍റെ ഓഹരി എടുക്കാൻ ഭൂമി ദല്ലാളിനോട് കർദ്ദിനാൾ നിർബന്ധിച്ചെന്ന് മൊഴി. പത്ത് കോടി നൽകിയാൽ ഭൂമി ഇടപാടിന്‍റെ പണം സഭയ്ക്ക്. സാവകാശം നൽകിയാൽ മതിയെന്ന ആനൂകൂല്യവും നൽകി. സിറോ മലബാർ സഭ സാമ്പത്തികകാര്യ  ചുമതല വഹിച്ച ഫാദർ ജോഷി പുതുവയുടേതാണ് വെളിപ്പെടുത്തൽ.

കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരി ഭൂമി ദല്ലാളായ സാജു വർഗീസുമായി സംസാരിക്കുന്നത് കേട്ടെന്നാണ് മൊഴി. ഇക്കാര്യം സ്ഥിരീകരിച്ച്  മോൺസിഞ്ഞോർ ആയ ഫാദർ സെബാസ്റ്റ്യൻ വടക്കുമ്പാടനും മൊഴി നൽകി. കെപിഎംജി റിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തലുകളുള്ളത്. ദല്ലാൾ സാജു വർഗീസുമായി ഭൂമി ഇടപാട് സമയത്തെ  ബന്ധം മാത്രമെന്ന് കർദ്ദിനാളിന്‍റെ മൊഴിയിൽ പറയുന്നു. കർദ്ദിനാളിന്‍റെ മൊഴി സംശയാസ്പദമെന്ന് ശാസ്ത്രീയ തെളിവിലൂടെ കമ്മീഷൻ കണ്ടെത്തി. ഭൂമി ഇടപാട് വിവാദത്തിലായപ്പോൾ 23 തവണ കർദ്ദിനാൾ സാജു വർഗീസിനെ വിളിച്ചു. കമ്മീഷൻ മൊഴി എടുത്തതിന് ശേഷം കർദ്ദിനാൾ ആദ്യം വിളിച്ചത് സാജു വർഗീസിനെയാണെന്നും കമ്മീഷൻ കണ്ടെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!