കെ സുരേന്ദ്രനെതിരെ ബിജെപി യോഗത്തിൽ രൂക്ഷ വിമർശനം; പാർട്ടിയിൽ സമഗ്ര അഴിച്ചുപണി വേണമെന്ന് കൃഷ്ണദാസ് പക്ഷം

By Web TeamFirst Published Jun 6, 2021, 7:57 PM IST
Highlights

പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടത്താതെ ഒരു വിഭാഗം നേതാക്കളെ ഇരുട്ടത്ത് നിർത്തിയെന്ന ഗുരുതര ആരോപണമാണ് ഉന്നയിക്കപ്പെട്ടത്

കൊച്ചി: കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ ഇന്ന് ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ്, ഫണ്ട് വിവാദം തുടങ്ങിയ വിഷയങ്ങളിലാണ് വിമർശനം ഉയർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയമടക്കമുള്ള കാര്യങ്ങളിൽ പാളിച്ചയുണ്ടായെന്ന് കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തി.

പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടത്താതെ ഒരു വിഭാഗം നേതാക്കളെ ഇരുട്ടത്ത് നിർത്തിയെന്ന ഗുരുതര ആരോപണമാണ് ഉന്നയിക്കപ്പെട്ടത്. സംഘടനാ സെക്രട്ടറിയും, സംസ്ഥാന അധ്യക്ഷനും, കേന്ദ്രമന്ത്രിയും മറ്റും ചേർന്നെടുക്കുന്ന തീരുമാനങ്ങളാണ് നടന്നത്. കെ സുരേന്ദ്രൻ രണ്ട് മണ്ഡലത്തിൽ മത്സരിക്കേണ്ടിയിരുന്നില്ല. അത് കേന്ദ്ര നേതൃത്വത്തിന്‍റെ തലയിൽ കെട്ടിവയ്ക്കേണ്ട. പാർട്ടിയിൽ സമഗ്രമായ അഴിച്ചു പണി ആവശ്യമാണെന്നും കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു.

കൊടകര കള്ളപ്പണ വിവാദം അടക്കമുള്ള വിഷയങ്ങൾ പാര്‍ട്ടിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തത് സംസ്ഥാന അധ്യക്ഷന്‍റെയും മറ്റും നേതൃത്വത്തിലാണ്. അതിനാൽ പാളിച്ചകൾ വന്നാൽ ഉത്തരവാദിത്വം നേതൃത്വത്തിനാണ്. തെരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തിൽ പല മണ്ഡലങ്ങളിലും പരാതികളുണ്ടെന്നും കൃഷ്ണദാസ് പക്ഷം പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!