'തുഷാറിന് മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന, ലോക്കൽ സഖാക്കൾക്ക് നല്ല കുളിരായിരിക്കും'; പരിഹാസവുമായി ശബരീനാഥന്‍ എംഎല്‍എ

By Web TeamFirst Published Aug 22, 2019, 5:59 PM IST
Highlights

ധാരാളം മലയാളികൾ ഇത്തരത്തിലുള്ള സാമ്പത്തികമായ കേസുകളിൽ അറബ് രാജ്യങ്ങളിൽ ജയിലിലാകുമ്പോൾ സർക്കാർ ഇങ്ങനെ ഉണർന്നുപ്രവർത്തിക്കാറുണ്ടോ? അവരുടെ ആരോഗ്യസ്ഥിതിയിൽ വിഷമിക്കാറുണ്ടോ? ശബരീനാഥന്‍ ചോദിക്കുന്നു.

തിരുവനന്തപുരം: ചെക്ക് കേസില്‍ അജ്മാനിൽ അറസ്റ്റിലായ എന്‍ഡിഎ കേരള വൈസ്പ്രസിഡന്‍റും ബിഡിജെസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സഹായം തേടിയതിനെ പരിഹാസിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്‍. ബിജെപി നയിക്കുന്ന മുന്നണിയുടെ സംസ്‌ഥാന വൈസ് പ്രസിഡെന്റിന് ഒരു ഇടതുപക്ഷ മുഖ്യമന്ത്രി നൽകുന്ന ഈ പ്രത്യേക പരിഗണന കാണുമ്പോൾ എന്‍ഡിഎയെയും ബിജെപിയെയും വഴിയോരങ്ങളിൽ "ആശയപരമായി" നേരിടുന്ന പാവപ്പെട്ട ലോക്കൽ സഖാക്കൾക്ക് നല്ല കുളിരായിരിക്കും!- ശബരീനാഥന്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ശ്രീ തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിൽ കസ്റ്റഡിയിൽ എടുത്തതും ഇപ്പോൾ ജാമ്യം ലഭിച്ചതും ബിസിനസ് സംബന്ധമായ,നമ്മുടെ അറിവിനപ്പുറമുള്ള കാര്യങ്ങളായതിനാൽ തൽക്കാലം പരാമർശിക്കുന്നില്ല.

എന്നാൽ, കേരള മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് തുഷാർ വെള്ളാപ്പള്ളിയുടെ ആരോഗ്യസ്‌ഥിതിയെക്കുറിച്ചു തനിക്ക് ആശങ്കയുണ്ടെന്നും എല്ലാ നിയമപരിരക്ഷയും നൽകണമെന്നും അഭ്യർത്ഥിച്ചു എഴുതിയ അടിയന്തര 'SOS' സന്ദേശം അംഗീകരിക്കുന്നില്ല. ധാരാളം മലയാളികൾ ഇത്തരത്തിലുള്ള സാമ്പത്തികമായ കേസുകളിൽ അറബ് രാജ്യങ്ങളിൽ ജയിലിലാകുമ്പോൾ സർക്കാർ ഇങ്ങനെ ഉണർന്നുപ്രവർത്തിക്കാറുണ്ടോ? അവരുടെ ആരോഗ്യസ്ഥിതിയിൽ വിഷമിക്കാറുണ്ടോ? അവർക്ക് നിയമപരിരക്ഷ ഉടനടി നൽകാൻ എംബസിയിൽ അപേക്ഷിക്കാറുണ്ടോ?

ബിജെപി നയിക്കുന്ന മുന്നണിയുടെ സംസ്‌ഥാന വൈസ് പ്രസിഡെന്റിന് ഒരു ഇടതുപക്ഷ മുഖ്യമന്ത്രി നൽകുന്ന ഈ പ്രത്യേക പരിഗണന കാണുമ്പോൾ NDA യെയും BJP യെയും വഴിയോരങ്ങളിൽ "ആശയപരമായി" നേരിടുന്ന പാവപെട്ട ലോക്കൽ സഖാക്കൾക്ക് നല്ല കുളിരായിരിക്കും!

click me!