
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ തദ്ദേശ വകുപ്പിനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് കൗണ്‍സിലർ കെഎസ് ശബരി നാഥൻ. എല്ലാ നിയമവും ലംഘിച്ചാണ് ആർ സുഗതന് വേണ്ടി ഉത്തരവ് ഇറക്കിയതെന്ന് ശബരിനാഥൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. കരുതലിന്റെ ഉറവിടമാണ് തദ്ദേശ വകുപ്പ്. ഭരണം മാറിയിട്ടും തങ്ങൾക്ക് ഇഷ്ടമുള്ള എന്തും ഫയലിൽ എഴുതുകയാണ്. ഇത്രയും വിവാദമായ വിഷയത്തിൽ ആഭ്യന്തര മന്ത്രിയുടെ ഓഫീസ് പോലും അറിയാതെയാണ് വകുപ്പിലെ അണ്ടർ സെക്രട്ടറി ഉത്തരവ് ഇറക്കിയതെന്നും ശബരിനാഥൻ വിമർശിച്ചു.
തിരുവനന്തപുരം നഗരസഭ അധികാരമേറ്റ നാൾ മുതൽ ഒരു ക്രിയാത്മക പ്രതിപക്ഷമായി യുഡിഫ് പ്രവർത്തിക്കുകയാണ്. വികസനത്തിനും മറ്റു പൊതുകാര്യങ്ങളിലും നഗരസഭയെ അനുകൂലിക്കുകയും എന്നാൽ ദിശ തെറ്റി അവർ സഞ്ചരിക്കുമ്പോൾ വിഷയങ്ങളിൽ ശക്തമായ രാഷ്ട്രീയപോരാട്ടവുമായി ഞങ്ങൾ ഇരുപത് കൗൺസിലർമാർ മുന്നോട്ടുപോവുകയാണ്. എന്നാൽ ഇന്നലെ നഗരസഭയിൽ വാഴോട്ടുകോണം കൗൺസിലരുടെ അവധിയുമായി ബന്ധപ്പെട്ട് ചർച്ച നടന്നപ്പോൾ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ഒരു ഉത്തരവ് ബഹു: മേയർ വായിച്ചപ്പോൾ ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. കൗൺസിൽ കഴിഞ്ഞ് നേരെ ആഭ്യന്തര മന്ത്രിയെ കണ്ടപ്പോഴാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്.
ഇത്രയും വിവാദമായ ഒരു വിഷയത്തിൽ അദേഹത്തിന്റെ ഓഫിസ് പോലും അറിയാതെ ഈ വകുപ്പിലെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തു. എന്ന് മാത്രമല്ല, “സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നത് പോലെ” നിയമത്തിന്റെയും ലോജിക്കിന്റെയും എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ ഒരു ദുർബല ഉത്തരവ് ഇറക്കിയത് ആരുടെ പ്രീതിക്കുവേണ്ടിയാണ്? ഈ വിഷയത്തിൽ ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ച ബഹു:ആഭ്യന്തര മന്ത്രി സത്വര നടപടികൾ സ്വീകരിക്കും എന്നുള്ളത് ആശ്വാസത്തിന് വക നൽകുന്നു. എനിക്ക് അറിയാൻ കഴിയുന്നത് ഈ ഫയലിലെ കരുതലിന്റെ ഉറവിടം തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നാണ് എന്ന് കൂടി മനസിലാക്കുന്നു.
ഭരണം മാറുമ്പോൾ ഉദ്യോഗസ്ഥർ ഭരണപക്ഷം പറയുന്നത് അക്ഷരം തെറ്റാതെ അതുപോലെ അനുസരിക്കണം എന്ന് ഞാൻ ഒരിക്കലും പറയുന്നില്ല, പക്ഷേ ഭരണം മാറിയിട്ടും നിയമവിരുദ്ധമായി ഫയലിൽ തങ്ങൾക്ക് ഇഷ്ടമുള്ളത് എന്തും എഴുതിവയ്ക്കാമെന്ന ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം അവസാനിപ്പിക്കാൻ ഭരണസംവിധാനം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇതിന്റെ പാപഭാരം അനുഭവിക്കാൻ പോകുന്നത് പാർട്ടിയും മുന്നണിയുമാണ് . നേതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു. തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന തെറ്റുകൾക്കെതിരെ ഞങ്ങൾ യുഡിഫ് കൗൺസിർമാരുടെ പോരാട്ടങ്ങൾ തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam