
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എക്സൈറ്റഡ് ആണെന്ന് മുൻ എംഎൽഎ കെ എസ് ശബരീനാഥൻ. ജില്ലയുടെ മുന്നേറ്റമാണ് ആഗ്രഹമെന്നും എല്ലാം പാർട്ടി നൽകിയതാണെന്നും ശബരീനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ പാർട്ടിക്കാരനാണ്. ഏത് ചുമതലയും ഏറ്റെടുക്കും. ഒന്നാമത് എത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കോൺഗ്രസിനെ പിന്തുണക്കുന്ന സ്ലീപ്പർ സെല്ലുകൾ ആക്ടീവായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണം പിടിക്കാൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. 30വര്‍ഷമായി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ജോസഫ് (ഉള്ളൂര്‍), കെഎസ്‍യു വൈസ് പ്രസിഡന്‍റ് സുരേഷ് മുട്ടട, മുൻ കൗണ്‍സിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എംഎസ് അനിൽകുമാര്‍ (കഴക്കൂട്ടം) തുടങ്ങിയവരടക്കമുള്ളവരുടെ പട്ടികയാണ് പുറത്തുവിട്ടത്. വാർഡ് തലത്തിൽ തീരുമാനിച്ച സഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.