
കാസര്‍കോട്: ഇടുക്കി മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം. മൂന്നാറിൽ നടന്നത് നെഗറ്റീവ് സംഭവമാണ്. പോസിറ്റീവ് കാര്യങ്ങള്‍ കൂടി വാര്‍ത്തയാക്കണം. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുത്. ഏറ്റവും സമധാനമുള്ള സംസ്ഥാനമാണ് കേരളം. അവിടെ വന്ന് ഇങ്ങനെയൊരു അനുഭവം ഇതര സംസ്ഥാനത്തുനിന്ന് വന്ന ടൂറിസ്റ്റിന് ഉണ്ടാകാൻ പാടില്ലായിരുന്നു.
മറ്റു വകുപ്പ് മന്ത്രിമാരുമായും ടാക്സി സംഘടനകളുമായും അടക്കം വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത 66ലെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. പിണറായി സര്‍ക്കാര്‍ ആയതുകൊണ്ടാണ് വികസനം ഇത്രത്തോളം ആയത്. വർക്കല പെണ്‍കുട്ടിയെ ട്രെയിനിൽ നിന്ന് ചവിട്ട് പുറത്തിട്ട സംഭവവും ദൗര്‍ഭാഗ്യകരമാണെന്നും ട്രെയിനുകളിൽ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണെന്നും അടിയന്തരമായി ഇടപെടേണ്ട പ്രശ്നമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഇടുക്കി മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. യുവതിയുടെ വീഡിയോയുടെ അടിസ്ഥാനത്തിലാണ് മൂന്നാർ പൊലീസ് കേസെടുത്തത്. തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒക്ടോബർ 30ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി ജാൻവിക്കാണ് ദുരനുഭവം ഉണ്ടായത്. ഇക്കാര്യം അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. യുവതിയിൽ നിന്ന് നേരിട്ട് വിവരങ്ങളെടുക്കാനും പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഊബർ ടാക്സി വിളിച്ച് യാത്രചെയ്യാൻ ശ്രമിച്ചപ്പോൾ മൂന്നാറിലെ ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന വിവരം സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്. മുംബൈയിൽ അസി. പ്രൊഫസറായി ജോലി നോക്കുന്ന ജാൻവിയെയാണ് ഭീഷണിപ്പെടുത്തിയത്. വിനോദയാത്രയുടെ ഭാഗമായി ഓക്ടോബർ 30ന് മൂന്നാറിലെത്തിയപ്പോഴാണ് മോശം അനുഭവമുണ്ടായത്. സ്ഥലത്തെത്തിയ പൊലീസും ടാക്സി ഡ്രൈവർമാർക്ക് അനുകൂല നിലപാടെടുത്തെന്നും യുവതിയുടെ വീഡിയോയിൽ പറയുന്നു. ഇത്രയും മോശം അനുഭവമുണ്ടായതിനാൽ ഇനി കേരളത്തിലേക്കില്ലെന്നും പറഞ്ഞാണ് ജാൻവി വീഡിയോ അവസാനിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam