എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പാലക്കാട് കളക്ടർക്ക് നിർദ്ദേശം നൽകി

By Web TeamFirst Published Apr 29, 2024, 2:26 PM IST
Highlights

പകൽ 11 മുതൽ മൂന്ന് വരെ എല്ലാ പുറംവിനോദങ്ങളും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്

പാലക്കാട്: കനത്ത ഉഷ്ണ തരംഗത്തിൻ്റെ സാഹചര്യത്തിൽ പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദ്ദേശിക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടറോട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. മെയ് 2 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിർദേശം നൽകിയത്. അഡീഷണൽ ക്ലാസുകൾ പാടില്ല. കോളേജുകളിലും ക്ലാസുകൾ പാടില്ല. സമ്മർ ക്യാമ്പുകളും നിർത്തിവെക്കണം. ഇത് പ്രകാരം പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര ഉത്തരവിട്ടു.

 ഗർഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാർഡുകളിൽ ചൂട് കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങൾ കൂടുതലായി ഒരുക്കാനും സാമനമായ നിലയിൽ വയോജന കേന്ദ്രങ്ങളിലും ചൂട് കുറയ്ക്കാനും ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയൊട്ടാകെ തണ്ണീർ പന്തലുകൾ ഒരുക്കണമെന്നും പകൽ 11 മുതൽ മൂന്ന് വരെ എല്ലാ പുറംവിനോദങ്ങളും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഉഷ്ണ തരംഗ മുന്നറിയിപ്പ്

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്  അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. 

2024 ഏപ്രിൽ 29 മുതൽ മെയ് 03 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ  ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 - 5°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 29 മുതൽ മെയ് 03 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!