ശാന്തിവനത്തിലെ നിര്‍മ്മാണം: ജൈവവൈവിധ്യ ബോര്‍ഡിന്‍റെ കത്ത് അവഗണിച്ച് കെഎസ്ഇബി

By Web TeamFirst Published May 10, 2019, 7:52 AM IST
Highlights

അത്യപൂർവ ജൈവവൈവിധ്യങ്ങളുടെ കലവറയായ പ്രദേശത്തെ സംസ്ഥാനത്തെ ആദ്യത്തെ ഹെറിറ്റേജ് സൈറ്റ് ആക്കുമെന്ന നിർണായക വിവരവും അടങ്ങിയ കത്ത് നൽകി അഞ്ച് ദിവസം പിന്നിടുമ്പോഴും അതിന് മറുപടി നൽകാൻ പോലും കെഎസ്ഇബി ചെയർമാൻ തയ്യാറായിട്ടില്ല. 

കൊച്ചി: ശാന്തിവനത്തിലൂടെയുള്ള വൈദ്യുതലൈന്‍ മാറ്റി സ്ഥാപിക്കണമെന്ന ജൈവ വൈവിധ്യബോർഡിന്റെ നിർദേശത്തിന് പുല്ലുവില കൽപ്പിച്ച് കെഎസ്ഇബി മറ്റ് സാധ്യതകൾ തേടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച അയച്ച കത്തിന് മറുപടി നൽകാൻ പോലും കെഎസ്ഇബി തയ്യാറായിട്ടില്ല. കെഎസ്ഇബിയുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവർത്തകർ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിട്ട്യൂറ്റിന്റെയും പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി എംഡിയ്ക്ക് ജൈവ വൈവിധ്യബോർഡ് ചെയർമാന്‍ അയച്ച കത്തിലാണ് വൈദ്യുത ലൈൻ മറ്റൊരു ഇടത്ത് കൂടി മാറ്റി സ്ഥാപിക്കണമെന്ന നിർദേശം ഉള്ളത്. 136ൽ പരം സസ്യജാലങ്ങളും 138 പക്ഷിഇനങ്ങളും ആവസിക്കുന്ന ശാന്തിവനം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിനാൽ ജൈവവൈവിധ്യത്തെ ബാധിക്കാത്ത തരത്തിൽ മറ്റൊരു വഴി കണ്ടെത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

അത്യപൂർവ ജൈവവൈവിധ്യങ്ങളുടെ കലവറയായ പ്രദേശത്തെ സംസ്ഥാനത്തെ ആദ്യത്തെ ഹെറിറ്റേജ് സൈറ്റ് ആക്കുമെന്ന നിർണായക വിവരവും അടങ്ങിയ കത്ത് നൽകി അഞ്ച് ദിവസം പിന്നിടുമ്പോഴും അതിന് മറുപടി നൽകാൻ പോലും കെഎസ്ഇബി ചെയർമാൻ തയ്യാറായിട്ടില്ല.  അതേസമയം വ്യാപക പ്രതിഷേധത്തിനിടയിലും ശാന്തിവനത്തിലെ നിർമ്മാണ പ്രവർത്തനങ്ങള്‍ ശരവേഗത്തിൽ പുരോഗമിക്കുകയാണ്.പരിസ്ഥിതി വകുപ്പിന് കീഴിലുള്ള ജൈവവൈവിധ്യ ബോർ‍‍ഡിന്റെ നിർദേശത്തിന് പുല്ലുവില നൽകുന്ന കെഎസ്ഇബി നിലപാടിന് പിന്നിൽ ഉന്നത രാഷ്ട്രീയ സമ്മർദമാണെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം

നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന കെഎസ്ഇബി നിലപാടിൽ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവർത്തകർ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ജൈവവൈവിധ്യബോർഡിന്റെ നിർദേശം പാലിക്കപ്പെടണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.അതേ സമയം വൈദ്യുത ടവറിന്റെ അലൈൻമെന്റ് ശാന്തിവനത്തിൽ നിന്ന് മാറ്റണമെന്നാവശ്യവുമായി സംരക്ഷണസമിതി ഇന്ന് മന്ത്രി എംഎം മണിയെ സന്ദർശിക്കും
 

click me!