
തിരുവനന്തപുരം: കൊവിഡ് കാലത്ത് വൈദ്യുതി ബില്ല് എടുക്കുന്നതില്‍ അപാകതയുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെ ബോർഡിനെതിരെ പരാതിയുമായി നടനും സംവിധായകനുമായ മധുപാല്‍. നാല് മാസമായി അടഞ്ഞ് കിടന്ന വീട്ടില്‍ ഉയര്‍ന്ന ബില്ലാണ് ലഭിച്ചതെന്ന് മധുപാല്‍ ആരോപിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ കെഎസ്ഇബി ബോർഡ് ചെയർമാൻ എൻഎസ് പിള്ളയോടാണ് മധുപാല്‍ തന്‍റെ പരാതി അറിയിച്ചത്.
പേരൂർക്കട സെക്ഷനിലെ ഫെബ്രുവരി 12 മുതൽ അടച്ചിട്ടിരിക്കുന്ന വീട്ടിൽ ജൂൺ നാലിന് റീഡിങ് എടുത്തപ്പോൾ നൽകിയത് 5711 രൂപയുടെ ബില്ലാണെന്ന് മധുപാല്‍ പരാതി പറഞ്ഞു. വീട് പൂട്ടി കിടക്കുകയാണ് എന്ന് ബില്ലില്‍ എഴുതിയിട്ടുണ്ടെന്നും എന്നിട്ടാണ് ഉയര്‍ന്ന ബില്ല് വന്നതെന്നുമാണ് താരത്തിന്‍റെ പരാതി. അതേസമയം, വീട് അടച്ചിട്ടിരിക്കുന്ന സന്ദർഭത്തിൽ റീഡിങ് എടുക്കാൻ സാധിക്കാതെ വന്നാൽ മൂന്ന് മുൻമാസത്തിലെ ശരാശരി എടുത്ത് ബില്ലായി തരും. അതുകൊണ്ടാണ് ഇത്തരത്തിൽ ബില്ല് വന്നതെന്നും ചെയർമാൻ മറുപടി നൽകി.
സിനിമാ താരം മണിയൻ പിള്ള രാജുവും ബോർഡിനെതിരെ രൂക്ഷമായ ആരോപണവുമായി രംഗത്തെത്തി. ഏഴായിരം രൂപയാണ് ബില്ല് വന്നിരുന്നത്. അത് പെട്ടെന്ന് 42,000 രൂപയായി മാറിയെന്നും മണിയൻപിള്ള രാജു പറയുന്നു. തീവെട്ടി കൊള്ളയാണിത്. ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് കഴുത്തിൽ കയറി ഞെക്കിപ്പിടിച്ചിരിക്കുകയാണ് കെഎസ്ഇബിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ സാങ്കേതികമായി മണിയൻപിള്ള രാജുവിന്റെ ആരോപണം ശരിയല്ലെന്ന് കെഎസ്ഇബി ബോർഡ് ചെയർമാൻ പ്രതികരിച്ചു. ആറ് മാസമായി മണിയൻപിള്ള രാജുവിന്റെ വീട്ടിൽ നിന്ന് റീഡിങ് എടുക്കാൻ സാധിച്ചില്ല. ഈ തവണയാണ് റീഡിങ് എടുക്കാൻ സാധിച്ചത്. അവിടെയുള്ളത് ഡിജിറ്റൽ മീറ്ററായിരുന്നു. 5251 യൂണിറ്റാണ് ഉപഭോഗം. 7.90 രൂപ നിരക്കിലാണ് ചാർജ് ഈടാക്കിയത്. വീട് അടച്ചിട്ടിരുന്ന സമയത്ത് മുൻ ബില്ലുകളുടെ ശരാശരിയാണ് ബില്ലായി നൽകിയതെന്നും പിള്ള വിശദീകരിച്ചു.
Also Read: ബില്ലിനെതിരെ പരാതിയുമായി സിനിമാ താരങ്ങളും; വ്യക്തത വരുത്തിയും പരിഹാരം കണ്ടും കെഎസ്ഇബി ചെയർമാൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam