ബില്ലിനെതിരെ പരാതിയുമായി സിനിമാ താരങ്ങളും; വ്യക്തത വരുത്തി കെഎസ്ഇബി ചെയർമാൻ

Web Desk   | Asianet News
Published : Jun 14, 2020, 04:11 PM ISTUpdated : Jun 14, 2020, 11:02 PM IST
ബില്ലിനെതിരെ പരാതിയുമായി സിനിമാ താരങ്ങളും; വ്യക്തത വരുത്തി കെഎസ്ഇബി ചെയർമാൻ

Synopsis

പരിപാടിയിലേക്ക് പരാതിയുമായി വിളിക്കുന്നവരുടെ വിവരങ്ങൾ നോക്കി പരാതി ഉടൻ സെക്ഷൻ ഓഫീസുകൾ വഴി പരിഹരിക്കാനുള്ള സമാന്തര സംവിധാനം ബോർഡ് ചെയർമാൻ ഒരുക്കിയിരുന്നു

തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ അപാകതയുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെ ബോർഡിനെതിരെ രൂക്ഷമായ ആരോപണവുമായി സിനിമാ താരം മണിയൻ പിള്ള രാജു. ഏഷ്യാനെറ്റ് ന്യൂസിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ കെഎസ്ഇബി ബോർഡ് ചെയർമാൻ എൻഎസ് പിള്ളയോട് നേരിട്ടായിരുന്നു താരത്തിന്റെ വിമർശനം. 

ഏഴായിരം രൂപയാണ് ബില്ല് വന്നിരുന്നത്. അത് പെട്ടെന്ന് 42,000 രൂപയായി മാറിയെന്നും മണിയൻപിള്ള രാജു പറഞ്ഞു. തീവെട്ടി കൊള്ളയാണിത്. ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് കഴുത്തിൽ കയറി ഞെക്കിപ്പിടിച്ചിരിക്കുകയാണ് കെഎസ്ഇബിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ സാങ്കേതികമായി മണിയൻപിള്ള രാജുവിന്റെ ആരോപണം ശരിയല്ലെന്ന് കെഎസ്ഇബി ബോർഡ് ചെയർമാൻ പ്രതികരിച്ചു.

ആറ് മാസമായി മണിയൻപിള്ള രാജുവിന്റെ വീട്ടിൽ നിന്ന് റീഡിങ് എടുക്കാൻ സാധിച്ചില്ല. ഈ തവണയാണ് റീഡിങ് എടുക്കാൻ സാധിച്ചത്. അവിടെയുള്ളത് ഡിജിറ്റൽ മീറ്ററായിരുന്നു. 5251 യൂണിറ്റാണ് ഉപഭോഗം. 7.90 രൂപ നിരക്കിലാണ് ചാർജ് ഈടാക്കിയത്. വീട് അടച്ചിട്ടിരുന്ന സമയത്ത് മുൻ ബില്ലുകളുടെ ശരാശരിയാണ് ബില്ലായി നൽകിയതെന്നും പിള്ള വിശദീകരിച്ചു. ആറ് മാസം റീഡിങ് എടുക്കാനായില്ല. ആറാം മാസം റീഡിങ് എടുത്തു. അത് വെച്ചാണ് വൈദ്യുതി ചാർജ്ജ് രേഖപ്പെടുത്തിയതെന്ന് ആവർത്തിച്ച അദ്ദേഹം താരത്തിന്റെ വീട്ടിലേക്ക് പത്ത് പേരെ അയച്ച് വിശദീകരിക്കാൻ തയ്യാറാമെന്നും ഞങ്ങൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകാമെന്നും വ്യക്തമാക്കി.

"

പരിപാടിയിലേക്ക് പരാതിയുമായി വിളിക്കുന്നവരുടെ വിവരങ്ങൾ നോക്കി സെക്ഷൻ ഓഫീസുകൾ വഴി പരിഹരിക്കാനുള്ള സമാന്തര സംവിധാനം ബോർഡ് ചെയർമാൻ ഒരുക്കിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലേക്ക് ലഭിച്ച വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട മുഴുവൻ പരാതികളും തങ്ങൾ പരിഹരിക്കുമെന്നും ബോർഡ് ചെയർമാൻ ചർച്ചയിൽ ഉറപ്പുനൽകി.

നടനും സംവിധായകനുമായ മധുപാലും ഉയർന്ന ബില്ലാണ് ലഭിച്ചതെന്ന് പറഞ്ഞു. പേരൂർക്കടയിലെ ഫെബ്രുവരി 12 മുതൽ അടച്ചിട്ടിരിക്കുന്ന വീട്ടിൽ ജൂൺ നാലിന് റീഡിങ് എടുത്തപ്പോൾ നൽകിയത് 5711 രൂപയുടെ ബില്ലാണെന്ന് അദ്ദേഹം പറഞ്ഞു. വീട് അടച്ചിടിരിക്കുന്ന സന്ദർഭത്തിൽ റീഡിങ് എടുക്കാൻ സാധിക്കാതെ വന്നാൽ മൂന്ന് മുൻമാസത്തിലെ ശരാശരി എടുത്ത് ബില്ലായി തരും. അതുകൊണ്ടാണ് ഇത്തരത്തിൽ ബില്ല് വന്നതെന്നും ചെയർമാൻ മറുപടി നൽകി.

ചർച്ചയ്ക്കിടെ കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ പരാതിയുമായി രംഗത്ത് വന്നു. തന്റെ പക്കൽ രണ്ടര മാസത്തെ ഇടവേളയിലുള്ള ബില്ലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കാടടച്ച് വെടിവയ്ക്കുന്നവർക്ക് മറുപടി നൽകാനില്ലെന്ന് ബോർഡ് ചെയർമാൻ മറുപടി പറഞ്ഞു. കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം 1.30 കോടിയാണ്. അതിൽ 90 ലക്ഷം ഗാർഹിക ഉപഭോക്താക്കൾ. 700 ലധികം സെക്ഷനിൽ ആകെ കിട്ടിയ പരാതി ഒരു ലക്ഷത്തിൽ താഴെയാണ്. റീഡിങ്ങുമായി ബന്ധപ്പെട്ട ദിവസങ്ങൾ ക്രോസ് ചെയ്തതിൽ വന്ന പരാതികളാണ് അധികവും. അത് പരിഹരിച്ചു. പണമടച്ചവർക്ക് സെക്ഷൻ ഓഫീസിൽ നിന്ന് ഇത് പരിഹരിച്ച് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുതാര്യമായാണ് പ്രവർത്തിക്കുന്നത്. പരാതിയുണ്ടെങ്കിൽ പരിഹരിക്കാൻ ഉത്തരവാദിത്തമുണ്ട്. പരാതിയുള്ളവർ അത് നാട്ടിൽ പറഞ്ഞ് നടന്നാൽ പരിഹരിക്കാനാവില്ല. കെഎസ്ഇബിക്ക് പരാതി ലഭിച്ചാലേ പരിഹരിക്കാനാവൂ എന്നും പറഞ്ഞു.

ഏത് ഉപഭോക്താവിനും സെക്ഷൻ ഓഫീസിൽ നിന്ന് പരാതി പരിഹരിച്ച് കൊടുക്കും. 1912 എന്ന നമ്പറിലും പരാതി പരിഹരിക്കാൻ വിളിക്കാം. വിവിധ ജില്ലകളിൽ നിന്ന് നിരവധി കെഎസ്ഇബി ഉപഭോക്താക്കൾ ഏഷ്യാനെറ്റ് ന്യൂസിലെ തത്സമയ പരിപാടിയിലേക്ക് വിളിച്ച് പരാതി പറഞ്ഞു. ഇവരുടെ കൺസ്യൂമർ നമ്പറും വിവരങ്ങളും എഴുതിയെടുത്ത ശേഷം വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിഹരിക്കുമെന്നും എൻഎസ് പിള്ള അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു