
തിരുവനന്തപുരം: കെഎസ്ഇബിയിലെ യൂണിയൻ നേതാക്കളുടെ ആരോപണങ്ങൾ തള്ളി ചെയർമാൻ ബി അശോക്. സംഘടനകൾ സാമാന്യ മര്യാദ പുലർത്തണമെന്നാവശ്യപ്പെട്ട ചെയർമാൻ ഓഫീസേഴ്സ് അസോസിയേഷൻ യൂണിയൻ നേതാക്കൾ തിരുത്തലിന് തയ്യാറായാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും പ്രതികരിച്ചു. അസോസിയേഷൻ നൽകുന്ന നിവേദനത്തിന് അനുസരിച്ച് കെ എസ് ഇ ബിക്ക് നീങ്ങാനാകില്ല. സ്മാർട്ട് മീറ്റർ വേണ്ടെന്ന യൂണിയനുകളുടെ നിലപാട് തെറ്റാണ്. കമ്പനി നയത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ ആർക്കും കഴിയില്ലെന്ന് മാത്രമാണ് പറയാനാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾ പറയുന്നത്ര പ്രശ്നങ്ങൾ കമ്പനിയില്ലെന്ന നിലപാടാണ് ബി അശോക് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആദ്യം തന്നെ സ്വീകരിച്ചത്. കെഎസ്ഇബി മികച്ച പ്രവർത്തന നേട്ടം കൈവരിച്ച കാലയളവാണിതെന്നും എല്ലാവർക്കും ആ സന്തോഷത്തിൽ ചേരാനാകാത്തതിൽ ദുഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനിയിലെ ഡയറക്ട്രർ ബോർഡ് അംഗങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് യൂണിയനുകൾ ഉന്നയിക്കുന്നത്. മാനേജ്മെന്റിന് മേൽ കൂടുതൽ നിയന്ത്രണം വേണമെന്ന നിലപാടാണ് യൂണിയൻ നേതാക്കൾക്കുള്ളത്. കമ്പനിയുടെ അച്ചടക്കം വളരെ പ്രാധാന്യമുള്ളതാണ്. ജീവനക്കാർ അത് പാലിക്കണം. അനുമതിയില്ലാതെ, രേഖയില്ലാതെ ലീവ് അനുവദിക്കാൻ കഴിയില്ലെന്നും അതിന്റെ പേരിലാണ് ആദ്യത്തെ സസ്പെൻഷൻ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണം ചെയർമാൻ പൂർണമായും തള്ളി. സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും അത് സമ്മർദ്ദതന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ടാൽ പോലും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പറയുന്ന നിലയിലേക്കെത്തരുത്. അത് ആരോഗ്യകരമാകില്ല. സമരവും സത്യാഗ്രവും ജനാധിപത്യപരമാണ്. പക്ഷേ കമ്പനിയുടെ നേട്ടങ്ങൾക്ക് തിരിച്ചടിയാകുന്ന നിലയിലേക്ക് സമരങ്ങൾ മാറരുതെന്നാണ് പറയാനുള്ളത്. മന്ത്രിസഭക്ക് വിധേയമായാണ് താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രിസഭ പറയുന്ന കസേരയിൽ ഇരിക്കാൻ ഉദ്യോഗസ്ഥനെന്ന നിലയിൽ ഞാൻ ബാധ്യസ്ഥനാണ്. സർക്കാർ ചെയർമാൻ സ്ഥാനത്ത് നിന്നും ഇറങ്ങണമെന്നാവശ്യപ്പെട്ടാൽ അത് ചെയ്യാനും ബാധ്യസ്ഥനാണ്. അനർഹമായ ഒരു അധികാരവും താൻ ഉപയോഗിക്കുന്നില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam