
തിരുവനന്തപുരം: കെഎസ്ഇബി (KSEB) ഓഫീസേഴ്സ് അസോസിയേഷന്‍ ഇന്നും കരിദിനം ആചരിക്കും. സംസ്ഥാന പ്രസിഡണ്ട് എം ജി സുരേഷ്കുമാറിന്‍റേയും,സംസ്ഥാന ഭാരവാഹി ജാസ്മിന്‍ ബാനുവിന്‍റേയും സസ്പെന്‍ഷനില്‍ പ്രതിഷേധിച്ചാണിത്. അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഹരികുമാറിനെയും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പ്രസിഡന്റ് എം ജി സുരേഷ്കുമാറിന്റെ സസ്പെൻഷനൊപ്പം തന്നെ ഉത്തരവിറങ്ങിയിരുന്നുവെങ്കിലും ഹരികുമാർ സമരത്തിന്‍റെ ഭാഗമായി ഓഫിസിലെത്താത്തതിനാൽ ഉത്തരവ് കൈപ്പറ്റിയിരുന്നില്ല.
ബോർഡ് യോഗത്തിൽ തളളിക്കയറിയവർക്കെതിരെ അന്വേഷണത്തിനു ശേഷം നടപടിയുണ്ടാകും. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയും ഉൾപ്പെടെ മൂന്നുപേർ നിലവിൽ സസ്പെൻഷനിലാണ്.
തിങ്കളാഴ്ച മുതല്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. ഇതോടൊപ്പം നിസ്സഹകരണ സമരവും നടത്തും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലായിരിക്കും സമരം. സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് പേകേണ്ടി വരുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ടാറ്റയുടെ 1200 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള നീക്കമടക്കം, സ്ഥാപിത താത്പര്യമുള്ള പദ്ധതികളെ തുടക്കത്തിലേ കണ്ടെത്തി എതിര്‍ത്തതാണ്, സംഘടനക്കും നേതാക്കള്‍ക്കുമെതിരായ ചെയര്‍മാന്‍റെ പ്രതികാര നടപടിക്ക് കാരണമെന്നാണ് സമരക്കാരുടെ വാദം. ചെയര്‍മാന്‍റെ ഡ്രൈവറുടെ വീട്ട് അഡ്രസില്‍ ടാറ്റയുടെ ആഡാംബര കാര്‍ രജിസ്റ്റര്‍ ചെയ്തതടക്കം അന്വേഷിക്കണമെന്നാണ് KSEB ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡൻ്റ് എം ജി സുരേഷ്കുമാറിന്റെ ആവശ്യം.
ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍റെ വിശദീകരണം. ബാങ്ക് ലോണെടുത്താണ് ഡ്രൈവറുടെ സഹോദരി ഭര്‍ത്താവ് കാർ വാങ്ങിയതെന്നും കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹനം വാങ്ങലുമായി അതിന് ബന്ധമില്ലെന്നുമാണ് ബി അശോക് പറയുന്നത്. സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥന്‍ അടിസ്ഥാരഹിത ആരോപണം പരസ്യമായി ഉന്നയിച്ചതിന് അധിക കുറ്റപത്രം നല്‍കുമെന്നും ചെയര്‍മാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
12ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം മാത്രം സമവായ ചര്‍ച്ചയെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിലപാട്.