കാസർകോട്ടെ മുഴുവൻ വില്ലേജ് ഓഫീസുകളിലെയും ഫ്യൂസ് കെഎസ്ഇബി ഊരി

By Web TeamFirst Published Oct 11, 2019, 9:03 AM IST
Highlights
  • വൈദ്യുതി ബിൽ ജില്ല കളക്ടറേറ്റിൽ നിന്നടയ്ക്കണമെന്ന് വില്ലേജ് ഓഫീസർമാർ ആവശ്യപ്പെട്ടിരുന്നു
  • ജില്ല കളക്ടർ തീരുമാനമെടുത്തെങ്കിലും ഇത് പ്രകാരം ബില്ലടയ്ക്കാൻ വൈകിയതോടെയാണ് ഫ്യൂസ് ഊരിയത്

കാസർകോട്: അധികൃതർ ബില്ലടയ്ക്കാതിരുന്നതിനെ തുടർന്ന് കാസർകോട് ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലെയും വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. സാധാരണ അതത് വില്ലേജ് ഓഫീസുകളിൽ നിന്നാണ് വൈദ്യുതി ബിൽ അടയ്ക്കാറുള്ളത്. 

കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വന്നതോടെ വില്ലേജ് ഓഫീസുകളിലെ വൈദ്യുതി ബില്ലുകൾ ജില്ലാ കളക്‌ടറേറ്റിൽ നിന്ന് അടയ്ക്കണമെന്ന് വില്ലേജ് ഓഫീസർമാർ ആവശ്യപ്പെട്ടിരുന്നു. ഇത് ജില്ല കളക്ടർ സമ്മതിക്കുകയും ചെയ്തു. എന്നാൽ ഫയൽ മേശപ്പുറത്തിരുന്നതല്ലാതെ ഓഫീസ് നടപടികൾ പൂർത്തിയായില്ല. 

സെപ്തംബർ മാസം ലഭിച്ച ബിൽ അടയ്ക്കാനുള്ള അവസാന തീയ്യതിയും വന്നതോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരി. ഈ സമയത്താണ് ബില്ലടച്ചിട്ടില്ലെന്ന വിവരം വില്ലേജ് ഓഫീസുകളിൽ അറിയുന്നത്. ഇതോടെ വില്ലേജ് ഓഫീസർമാർ നേരിട്ട് പണമടച്ചു. വൈകിട്ടോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. എങ്കിലും വില്ലേജ് ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായെത്തിയ നിരവധി പേർ ബുദ്ധിമുട്ടി.

click me!