
പാലക്കാട് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയ അപേക്ഷകന് ചോദ്യം വ്യക്തമല്ലെന്ന് മറുപടി നൽകിയ കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം. നല്ല വ്യക്തമായ മലയാളത്തിലെഴുതിയ ചോദ്യത്തിനാണ് ഉദ്യോഗസ്‌ഥ വ്യക്തമല്ലെന്ന മറുപടി തിരിച്ചയച്ചത്. കൽപാത്തി കെ.എസ്.ഇ.ബി സെക്ഷനിലെ സീനിയർ സൂപ്രണ്ടിനെതിരെ പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത അപ്പീൽ അധികാരിയ്ക്ക് പരാതി നൽകി.
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കരാര്‍ തൊഴിലാളി മരണപ്പെട്ട വിഷയത്തിലായിരുന്നു ബോബന്‍റെ ചോദ്യം. മരണപ്പെട്ട തൊഴിലാളിയുടെ പേരും വിവരവും, മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്. മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥന്‍റെ പേരും വിവരവും തസ്തികയും, മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥന്‍ നിലവില്‍ ജോലി ചെയ്യുന്നു ഓഫീസ്, മരണപ്പെട്ട തൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ, മരണത്തിന് കാരണമായ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതായിരുന്നു ബോബന്‍റെ ചോദ്യം.
ഈ ചോദ്യത്തിനാണ് ചോദ്യം വ്യക്തമല്ലെന്ന ഉത്തരം കിട്ടിയത്. ഇതിൽ ഏതാണ് അവ്യക്തം എന്നാണ് വിവരാവകാശ പ്രവർത്തകനായ ബോബൻ മാട്ടുമന്തയുടെ ചോദ്യം. ചോദ്യത്തിലെ ഓരോ വാക്കുകളുടെയും അർത്ഥം വിശദീകരിച്ച് ബോബൻ അപ്പീൽ അധികാരിയ്ക് കത്ത് നൽകുകയും ചെയ്തു.വിവരാവകാശനിയമത്തെ ലാഘവത്തോടെ കാണുകയാണ് ചെയ്യുകയാണെന്നാണ് ബോബന്‍റെ പരാതി.
മലയാളം ഭരണഭാഷയായി അംഗീകരിച്ച് ഭരണഭാഷാ വാരാഘോഷത്തിനും പരിശീലനത്തിനും ലക്ഷങ്ങൾ ചെല വഴിക്കുമ്പോഴാണ് നല്ല മലയാളത്തിൽ എഴുതിയ ചോദ്യത്തെ ഇങ്ങനെ തള്ളുന്നതെന്നും വിവരാവകാശ പ്രവർത്തകർ പറയുന്നു. എന്നാൽ , ഒട്ടേറെ കരാർ പ്രവൃത്തികൾ ഓഫിസിൽ നടക്കുന്നുണ്ടെന്നും പ്രവൃത്തിയുടെ സ്വഭാവം, നിർവഹണഘട്ടം, സ്ഥലം, കാലാവധി ഉൾപ്പെടെ കൃത്യമായി ചോദിക്കാത്തതിനാലാണു ചോദ്യം വ്യക്തമല്ല എന്ന മറുപടി നൽകിയതെന്നുമാണ് കൽപാത്തി സെഷൻ ഓഫിസ് അറിയിക്കുന്നത്.