
തിരുവനന്തപുരം: കെഎസ്ഇബിയില്‍ (KSEB) നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെപ്പറ്റിയുളള ഉപഭോക്താക്കളുടെ അഭിപ്രായം തേടി ഓണ്‍ലൈന്‍ സര്‍വ്വേയുമായി കെഎസ്ഇബി ലിമിറ്റഡ്. കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റായ wss.kseb.in ലൂടെയാണ് സര്‍വ്വേ നടത്തുന്നത്. രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് സൈറ്റില്‍ പ്രവേശിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും.
വൈദ്യുതി വിതരണം, പരാതി പരിഹരിക്കല്‍, ഓണ്‍ലൈന്‍ പണമടയ്ക്കല്‍, വാതില്‍പ്പടി സേവനം, ബില്ലിംഗ്, പുരപ്പുറ സൌരോര്‍ജ്ജ പദ്ധതി, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുളള 15 ചോദ്യങ്ങളാണ് ഈ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വൈദ്യുതി സേവനം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്താനും അവസരമുണ്ട്. ചോദ്യാവലി തെറ്റ് കൂടാതെ പൂര്‍ണ്ണമായും പൂരിപ്പിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന മെഗാ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് 50,000 രൂപയും രണ്ട് രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും സമ്മാനം നല്‍കും. ഇത് കൂടാതെ ഓരോ വിതരണ ഡിവിഷനിലും നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിക്ക് 1000 രൂപ സമ്മാനം നല്‍കും. കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ജൂണ്‍ ആദ്യവാരം വരെ wss.kseb.in ല്‍ ലോഗിന്‍ ചെയ്ത് അഭിപ്രായം രേഖപ്പെടുത്താനും അവസരമുണ്ട്. ഉപഭോക്തൃ സര്‍വ്വേയിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് അതിനനുസൃതമായി സേവന നിലവാരം മെച്ചപ്പെടുത്തുകയാണ് കെഎസ്ഇബിയുടെ ലക്ഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam