സംസ്ഥാനത്തിന് കോടികൾ നഷ്ടമാകുന്ന നീക്കം; മണിയാർ വൈദ്യുത പദ്ധതി കരാർ നീട്ടുന്നത് കെഎസ്ഇബി എതിർത്തെന്ന് രേഖകൾ

Published : Dec 12, 2024, 11:03 AM ISTUpdated : Dec 12, 2024, 11:15 AM IST
സംസ്ഥാനത്തിന് കോടികൾ നഷ്ടമാകുന്ന നീക്കം; മണിയാർ വൈദ്യുത പദ്ധതി കരാർ നീട്ടുന്നത് കെഎസ്ഇബി എതിർത്തെന്ന് രേഖകൾ

Synopsis

കാർബൊറണ്ടം ഗ്രൂപ്പിൻ്റെ താത്പര്യത്തിന് അനുകൂലമായി മണിയാർ വൈദ്യുത പദ്ധതി കരാർ നീട്ടുന്നത് കെഎസ്ഇബിയുടെ എതിർപ്പ് മറികടന്നെന്ന് രേഖകൾ

ദില്ലി: മണിയാർ കരാർ കാർബൊറണ്ടം ഗ്രൂപ്പിൻ്റെ താത്പര്യത്തിന് അനുകൂലമായി നീട്ടി നൽകാനുള്ള സർക്കാർ നീക്കം കെഎസ്ഇബിയുടെ എതിർപ്പ് മറികടന്നെന്ന് രേഖകൾ. സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന നീക്കത്തെ കമ്പനിയുടെ വാദങ്ങളെല്ലാം തള്ളിയാണ് കെഎസ്ഇബി എതിർത്തത്. കരാർ നീട്ടണമെന്ന കമ്പനിയുടെ വാദങ്ങളിൽ കഴമ്പില്ലെന്നും പ്രളയകാലത്ത് ഉൽപ്പാദന നഷ്ടമെന്ന വാദം നിലനിൽക്കുന്നതല്ലെന്നും കരാർ പുതുക്കുന്നത് സർക്കാർ താൽപര്യത്തിന് വിരുദ്ധമെന്നും കെഎസ്ഇബി നിലപാടെടുത്തിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് കെഎസ്ഇബി സമർപ്പിച്ച റിപ്പോർട്ടാണ് പുറത്ത് വന്നത്.

പ്രളയകാലത്തും മണിയാറിൽ സാധാരണ ഉൽപാദനം ഉണ്ടായെന്നാണ് കെഎസ്ഇബിയുടെ റിപ്പോർട്ട്. കാർബൊറണ്ടം കമ്പനിയുമായി കരാർ നിലവിൽ വന്നത് 1991 മെയ്‌ 18 നാണ്. 2024 ൽ പദ്ധതി തിരിച്ചു സമർപ്പിക്കണമെന്നാണ് കരാർ. പദ്ധതിയിൽ കമ്പനി നിക്ഷേപം നടത്തിയതിന്റെ രേഖകൾ ഒന്നും കെഎസ്ഇബിക്ക് നൽകിയില്ല. കെഎസ്ഇബിയുടെ അനുമതി വാങ്ങാതെ പദ്ധതിയിൽ അധിക നിക്ഷേപം നടത്താൻ കരാർ പ്രകാരം സാധിക്കില്ല. അങ്ങനെ ചെയ്താൽ അത് കരാർ വ്യവസ്ഥയുടെ ലംഘനമാണ്. ഈ കരാർ നീട്ടി നൽകിയാൽ ബിഒടി വ്യവസ്ഥയിൽ നിർമ്മിച്ച മറ്റ് കമ്പനികൾ ഇതേ ആവശ്യം ഭാവിയിൽ ഉന്നയിക്കുമെന്ന് കെഎസ്ഇബി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

മണിയാറിൽ 2018 ലെ പ്രളയത്തിൽ ഉൽപ്പാദന നഷ്ടം ഉണ്ടായിട്ടില്ലെന്നും 2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മാത്രം നേരിയ നഷ്ടം ഉണ്ടായെന്നും റിപ്പോർട്ട് പറയുന്നു. കരാർ കാലാവധി കാലത്തെ നഷ്ടത്തിന് സർക്കാരിന് ബാധ്യതയില്ലെന്നാണ് കെഎസ്ഇബി നിലപാട്. കരാർ അനുസരിച്ച് ഇൻഷുറൻസ് സംരക്ഷണമുണ്ട്. നഷ്ടം നികത്താൻ സർക്കാരിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.

നായനാർ സർക്കാരിൻ്റെ കാലത്താണ് ബിഒടി വ്യവസ്ഥയിൽ സംസ്ഥാനത്ത് സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വൈദ്യുതി പദ്ധതികൾ തുടങ്ങാൻ അനുവാദം നൽകിയത്. അന്ന് യൂണിറ്റിന് 50 പൈസ നിരക്കിൽ 30 വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്. 2024 ഡിസംബ‍ർ 30 ന് പദ്ധതി കമ്പനി കെഎസ്ഇബിക്ക് തിരിച്ചേൽപ്പിക്കണം. ഇതിനായി 30 ദിവസം മുൻപ് നോട്ടീസ് നൽകണം എന്നാണ് വ്യവസ്ഥ. എന്നാൽ സർക്കാർ ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. ഈ വിഷയം ഇന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ഉന്നയിച്ചത്. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിൽ കള്ളക്കളി ആരോപിച്ച് രണ്ടാമത്തെ അഴിമതി ആരോപണമാണ് ചെന്നിത്തല സർക്കാരിനെതിരെ ഉന്നയിച്ചത്. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ അദാനി കമ്പനികൾക്ക് വേണ്ടി സംസ്ഥാന സർക്കാരും വൈദ്യുതി റെഗുലേറ്ററി കമ്മീഷനും കെഎസ്ഇബിയും ഒത്തുകളിച്ചുവെന്നായിരുന്നു ആദ്യത്തെ ആരോപണം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: നിർണായക അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
കണ്ണൂരിൽ ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; മാസങ്ങൾ നീണ്ട വിചാരണ, തളിപ്പറമ്പ് കോടതി ഇന്ന് വിധി പറയും