കെഎസ്ഇബിയിൽ പരിഹാരം; പ്രക്ഷോഭം അവസാനിപ്പിക്കും, മന്ത്രിയുമായി ചർച്ച 5 ന്, നേതാക്കൾ ഇന്ന് ജോലിയിൽ പ്രവേശിക്കും

By Web TeamFirst Published Apr 30, 2022, 12:41 AM IST
Highlights

മെയ് 5ന്  നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നല്‍കിയെന്ന് അസോസിയേഷന്‍ അവകാശപ്പെട്ടു

തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ (KSEB) പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം. സ്ഥലം മാറ്റപ്പെട്ട ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. മെയ് 5ന്  നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നല്‍കിയെന്ന് അസോസിയേഷന്‍ അവകാശപ്പെട്ടു. അതുവരെ പ്രക്ഷോഭ പരിപാടികളെല്ലാം നിർത്തിവെച്ചതായി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

കെഎസ്ഇബിയിലെ സമരം ഒത്തുതീര്‍പ്പിലേക്ക്; സ്ഥലംമാറ്റപ്പട്ട നേതാക്കൾ ജോലിയിൽ പ്രവേശിക്കും

സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ സമരത്തിനെതിരായ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും, അച്ചടക്ക നടപടിയില്‍ വിട്ടുവീഴ്ചയില്ലെന്ന ചെയര്‍മാന്‍റെ ഉറച്ച നിലപാടും ഓഫീസേഴ്സ് അസോസിയേഷന് തിരിച്ചടിയായതോടെയാണ് കെ എസ് ഇ ബിയിലെ ഹൈ വോള്‍ട്ടേജ് സമരത്തിന് താത്കാലിക പരിഹാരമാകുന്നതെന്നാണ് വിലയിരുത്തൽ. എറണാകുളത്ത് വൈദ്യുതി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അസോസിയേഷന്‍  നിലപാട് തിരുത്തിയത്. ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കളായ എം ജി സുരേഷ് കുമാര്‍, കെ ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ സ്ഥലംമാറ്റം  പിന്‍വലിക്കുന്നതുവരെ പിന്നോട്ടിലെന്ന പ്രഖ്യാപനം തിരുത്തി. നേതാക്കള്‍ സ്ഥലംമാറ്റം കിട്ടിയ ഓഫീസുകളില്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. സസ്പെന്‍ഷനൊപ്പം കിട്ടിയ കുറ്റപത്രത്തിന് മറുപടിയും നല്‍കി. സംഘടന പ്രവര്‍ത്തനത്തിന്‍റെ  ഭാഗമായി ചെയ്ത കാര്യങ്ങള്‍ക്കാണ് നടപടി നേരിടേണ്ടി വന്നതെന്നും, ജോലിയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും വിശദീകരണം നല്‍കി.

ചെയര്‍മാന്‍റെ നടപടികള്‍ക്കെതിരെ മെയ് 4 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന മേഖല ജാഥകള്‍ തത്ക്കാലം ഒഴിവാക്കി. കെഎസ്ഇബിയിലെ പ്രശ്നങ്ങളെക്കുറിച്ച് ജനപ്രതിനിധികള്‍ക്ക്  നല്‍കാനിരുന്ന ലഘുലേഖയുടെ വിതരണവും വേണ്ടെന്നുവച്ചു.  ജനവികാരം എതിരായതും, മറ്റ് സംഘടനകളുടെ  പിന്തുണ കിട്ടാതിരുന്നതും അസോസിയേഷന്‍റെ നിലപാട് മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി സമ്മേളനത്തില്‍ അംഗീകരിച്ച നയരേഖക്ക് വിരുദ്ധമാണ് കെഎസ്ഇബിയിലെ സമരമെന്ന മുഖ്യമന്ത്രിയുടെ നിലപാടും തത്ക്കാലത്തേക്ക് പിന്‍വാങ്ങാന്‍ ,ഓഫീസേഴ്സ് അസോസിയേഷനെ പ്രേരിപ്പിച്ചു. മെയ് 5ന് വൈദ്യുതി മന്ത്രി ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ അംഗീകരിച്ച സാഹചര്യത്തില്‍ അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ ഇനി കൂടുതല്‍ നടപടി ഉണ്ടാകില്ലെന്നാണ് സൂചന.

'മാടമ്പിത്തരം വീട്ടിൽ വെച്ചാൽ മതി'; അതിരൂക്ഷ ഭാഷയില്‍കെഎസ്ഇബി ചെയര്‍മാന്‍

അതേസമയം കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് എം ജി സുരേഷ് കുമാറിനെ കടന്നാക്രമിച്ച് വെള്ളിയാഴ്ചയും കെഎസ്ഇബി ചെയർമാൻ ബി അശോക് രംഗത്തെത്തിയിരുന്നു. മാടമ്പിത്തരം കാട്ടിയാൽ വെച്ചുപൊറുപ്പിക്കില്ല. ബോർഡംഗങ്ങളെ എടാ പോടാ വിളിച്ചാൽ ഇരിക്കടോ എന്നു മാന്യമായി പറയുമെന്നും കയ്യോടെ നടപടിയെടുക്കുമെന്നും ബി അശോക് കേരളശബ്ദം ദ്വൈവാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. മാടമ്പിത്തരം കുടുംബത്തു മടക്കിവെച്ച് മര്യാദയ്ക്ക് ജോലിയ്ക്ക് വരണമെന്ന മുന്നറിയിപ്പുമുണ്ട്. മുഖ്യമന്ത്രി വകുപ്പ് ഭരിച്ചപ്പോൾ പോലും സംസ്ഥാന നേതാക്കൾക്കെതിരെ നടപടി ഉണ്ടായിട്ടുണ്ടെന്നും ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നും ഭരണനേതൃത്വത്തിൽ നിന്നുള്ള പിന്തുണ സൂചിപ്പിച്ച്  ബി അശോക് പറഞ്ഞിരുന്നു.  

ഏതെങ്കിലും കമ്പനി ഓഫീസർക്ക് ജലദോഷം പിടിച്ചാൽ ഭരണഘടനാ സ്ഥാനീയർ ആവി പിടിക്കാൻ വരണം എന്ന് പറഞ്ഞാൽ അധികമാകുമെന്നും ചികിത്സയ്ക്ക് കമ്പനി തന്നെ ധാരാളമാണെന്നും അഭിമുഖത്തിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ വിലപേശൽ തന്ത്രം അംഗീകരിക്കില്ല. അഴിമതി ആരോപണങ്ങൾ ചാപ്പിള്ളകളാണ്.  സ്ഥാനത്തിന് വേണ്ട മികവോ കഴിവോ യോഗ്യതയോ ഇല്ലാത്തയാളാണ് എം ജി സുരേഷ്കുമാറെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. യൂണിയൻ നേതാക്കൾ ഉണ്ടാക്കുന്ന ഒച്ചപ്പാടിനും മാധ്യമശ്രദ്ധയ്ക്കും അപ്പുറം പ്രാധാന്യം ബോർഡിലെ പ്രശ്നങ്ങൾക്കില്ലെന്നാണ് അഭിമുഖത്തിന്റെ ചുരുക്കം. 

click me!