
ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നു. 81 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ ഉപഭോഗം. കാലാവസ്ഥ വ്യതിയാനം നിമിത്തം ഫെബ്രുവരിയിൽ തന്നെ ചൂട് കൂടിയതാണ് ഉപഭോഗം കൂടാൻ കാരണമെന്നാണ് നിഗമനം.
സംസ്ഥാനത്ത് ശനിയാഴ്ചത്തെ വൈദ്യുതി ഉപയോഗം 81.84 ദശലക്ഷം യൂണിറ്റ്. 2019 മെയ് 23ന് പാർലമെന്‍റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിലാണ് വൈദ്യുത ഉപഭോഗം സർവകാല റെക്കോഡിലെത്തിയത്, 88.34 ദശലക്ഷം യൂണിറ്റ്. എന്നാൽ പതിവില്ലാതെ ഇത്തവണ ഫെബ്രുവരിയിൽ തന്നെ ഉപഭോഗം കുത്തനെ കൂടിയത് കെഎസ്ഇബിയെ അമ്പരപ്പിച്ചിരിക്കുകയാണ്. രാത്രി 10 മണിക്ക് ശേഷമാണ് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നത്. രാത്രിയിൽ ചൂട് കൂടുന്നത് നിമിത്തം എസികളുടെ ഉപയോഗവും കൂടുന്നതാണ് ഇതിന് കാരണം.
വൈദ്യുതി ഉപയോഗം കൂടിയതോടെ ഉത്പാദനവും റെക്കോഡ് നിരക്കിലായി. ഇടുക്കി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോൽപാദനം പരമാവധിയിലാണ്. ആറ് ജനറേറ്ററുകളും പ്രവർത്തിപ്പിക്കുന്നു. 14.28 ദശലക്ഷം യൂണിറ്റാണ് ശനിയാഴ്ചത്തെ ഉത്പാദനം. സംസ്ഥാനത്തിന് പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി കൊണ്ടുവന്നാണ് ഉപഭോഗം പിടിച്ച് നിർത്തുന്നത്. ശനിയാഴ്ച കേന്ദ്രഗ്രിഡിൽ നിന്ന് വാങ്ങിയത് 53.8 ദശലക്ഷം യൂണിറ്റ് വൈദ്യുതി.
തെരഞ്ഞെടുപ്പ് കാലം എത്തിയതോടെ വരും ദിവസങ്ങളിൽ വൈദ്യുതി ഉപയോഗം ഇനിയും കൂടാനാണ് സാധ്യത. ഇടുക്കി അണക്കെട്ടിൽ ആവശ്യത്തിന് വെള്ളമുള്ളതും കേന്ദ്രഗ്രിഡിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിന് കരാറും ഉള്ളതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് കെഎസ്ഇബി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam