
കൊച്ചി: ഉയർന്ന വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതിയിൽ കെഎസ്ഇബി കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അമിത ചാർജ് ഈടാക്കിയിട്ടില്ലെന്ന് വാദിച്ച ബോർഡ് ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് ബില്ല് നൽകിയതെന്നും പറഞ്ഞു.
ലോക്ക്ഡൗൺ മൂലം മീറ്റർ റീഡിംഗ് എടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മൂന്ന് മുൻ ബില്ലുകളുടെ ശരാശരി കണക്കാക്കി നൽകുകയായിരുന്നു. ഉപഭോക്താവ് ബിൽ തുകയുടെ 70 ശതമാനം മാത്രം അടച്ചാൽ മതി. യഥാർത്ഥ ഉപഭോഗം കൂടുതലാണെങ്കിലും കുറവാണെങ്കിലും അടുത്ത ബില്ലിൽ അഡ്‌ജസ്റ്റ് ചെയ്യും.
അമിത ബില്ല് ഈടാക്കുന്നുവെന്ന ഹർജിക്കാരുടെ വാദം അടിസ്ഥാന രഹിതമാണ്. ഹർജിക്കാരുടെ വൈദ്യുതി ഉപഭോഗ വിവരങ്ങൾ കോടതിയിൽ വൈദ്യുതി ബോർഡ് ഹാജരാക്കി. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസ ബില്ലിംഗ് പ്രായോഗികമല്ലെന്നും കെഎസ്ഇബി പറഞ്ഞു.
ദ്വൈമാസ ബില്ലിങ്ങ് മാറ്റാനാവില്ല. ഈ രീതി 30 വർഷമായി തുടരുന്നതാണ് . റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരുണ്ട്. പ്രതിമാസ ബില്ലിങ്ങ് നടപ്പാക്കിയാൽ കൂടുതൽ ജീവനക്കാർ വേണ്ടി വരുമെന്നും ഇത് ബോർഡിന്റെ ചെലവ് കൂട്ടുമെന്നും ഉപഭോക്താക്കൾക്ക് തന്നെ ബുദ്ധിമുട്ടാവുമെന്നും ബോർഡ് വിശദീകരിച്ചു.
നാല് മാസത്തെ ബിൽ ഒരുമിച്ച് തയ്യാറാക്കിയതിൽ കെഎസ്ഇബിക്ക് പിഴവ് പറ്റിയിട്ടുണ്ടെന്നും അധിക ബിൽ നൽകാത്തതിന്റെ പേരിൽ ആരുടെയും വൈദ്യുതി കണക്ഷൻ കട്ട് ചെയ്യരുതെന്നും കെഎസ്ഇബിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam