അലൈൻമെന്‍റ് മാറ്റില്ല; ശാന്തിവനത്തിലൂടെയുള്ള വൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കെഎസ്ഇബി

By Web TeamFirst Published May 6, 2019, 2:57 PM IST
Highlights

കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വൈദ്യുത ടവർ സ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടരാനുള്ള തീരുമാനമെടുത്തത്.

എറണാകുളം: വടക്കൻ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈനിന്‍റെ അലൈൻമെന്‍റ് മാറ്റില്ലെന്ന് കെഎസ്ഇബി. ശാന്തിവനത്തിലെ ജൈവസമ്പത്തിനെ ഇല്ലാതാക്കുന്ന കെഎസ്ഇബിയുടെ വൈദ്യുത ടവർ നിർമ്മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പദ്ധതി താത്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.

എന്നാൽ വൈദ്യുത ടവർ സ്ഥാപിക്കാനുള്ള  ജോലികൾ ഉടൻ പുനരാരംഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വൈദ്യുത ടവർ സ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടരാനുള്ള തീരുമാനമെടുത്തത്.

ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ജോലി നിർത്തിവച്ചത് അനാവശ്യമായിരുന്നു എന്ന് പറഞ്ഞ എം എം മണി, നിലവിലുള്ള നിർമാണ പ്രവർത്തനങ്ങൾ തുടരുമെന്നും പദ്ധതിക്കായി കോടികൾ ചെലവഴിച്ചതാണെന്നും വ്യക്തമാക്കി.

മന്നം മുതൽ ചെറായി വരെയുള്ള അമ്പതിനായിരത്തോളം കുടുംബങ്ങൾ നേടിരുന്ന വോൾട്ടേജ് ക്ഷാമം പരിഹരിക്കാനാണ്  പറവൂർ ശാന്തിവനത്തിലൂടെ ടവർ നിമ്മിച്ച്  വൈദ്യുതി ലൈൻ നിർമ്മിക്കാൻ കെഎസ്ഇബി പണി തുടങ്ങിയത്. ഇതിനായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വനത്തിൽ നിന്നും അൻപതോളം മരങ്ങൾ മുറിച്ചതോടെയാണ് പദ്ധതി വിവാദമായത്. 

ശാന്തിവനത്തെ തൊടാതെ പണി നടക്കുമായിരുന്നിട്ടും നിർമ്മാണം വഴിതിരിച്ചു വിട്ടതിന് പിന്നിൽ സ്ഥാപിത താൽപര്യമാണെന്നാണ് പദ്ധതിയെ എതിർക്കുന്നവരുടെ പ്രധാന ആക്ഷേപം. കെഎസ്ഇബി മുൻ ചെയർമാന്‍റെ മകന്‍റെ ഭൂമി ഒഴിവാക്കാനാണ് ഇത്തരത്തിൽ നിർമ്മാണം നടത്തുന്നതെന്നും ആരോപണമുയർന്നു.

എന്നാൽ ടവർ നിർമ്മിക്കാൻ സ്ഥലമുടമ വർഷങ്ങൾക്ക് മുമ്പുതന്നെ അനുമതി നൽകിയിരുന്നുവെന്നാണ് കെഎസ്ഇബി പറയുന്നത്. ശാന്തിവനം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കെഎസ്ഇബിക്കെതിരെ സ്ഥലമുടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഹരിതകേരളം മിഷനും ഇക്കാര്യം കാട്ടി നിവേദനം നൽകിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

click me!