KSEB : കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; എം ജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ

Published : Apr 21, 2022, 08:44 AM ISTUpdated : Apr 21, 2022, 11:46 AM IST
KSEB : കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; എം ജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ

Synopsis

10 ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ 12 ഗഡുക്കളായി ശമ്പളത്തിൽ നിന്ന് പിടിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. 

തിരുവനന്തപുരം: കെഎസ്ഇബിയില്‍ (KSEB) വീണ്ടും അച്ചടക്കനടപടി. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം ജി സുരേഷ് കുമാര്‍, ആറ് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി അഞ്ഞൂറ്റി അറുപത് രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ നോട്ടീസ് നല്‍കി. വൈദ്യുതി മന്ത്രിയുടെ സ്റ്റാഫായി പ്രവര്‍ത്തിച്ചപ്പോള്‍, കെഎസ്ഇബിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനാണ് നടപടി. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും, വ്യക്തിഹത്യയാണ് ചെയര്‍മാന്‍റെ ലക്ഷ്യമെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു.

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍റെ ഷോക്ക്. പ്രസിഡന്‍റ് എം ജി സുരേഷ് കുമാര്‍ 21 ദിവസത്തിനകം 6,72,560 രൂപ ബോര്‍ഡിലടക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. മുന്‍ മന്ത്രി എം എം മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ കെഎസ്ഇബിയുടെ വാഹനം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ഫെബ്രുവരി 12 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഫിനാന്‍സ് ഡയറക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍റെ നോട്ടീസ്. കോഴിക്കോട് കുറ്റ്യാടിയിലെ വീട്ടിലേക്ക് നിരവധി തവണ പോയതുള്‍പ്പെടെ 48640 കി.മി ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇന്ധനച്ചെലവും, പിഴയുമടക്കമാണ് 6,72,560 രൂപ അടക്കാന്‍ നിര്‍ദ്ദേശമുള്ളത്. ആക്ഷേപം തെറ്റാണെന്ന് തെളിയിക്കാന്‍ 10 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 12 ഗഡുക്കളായി ശമ്പളത്തില്‍ നിന്ന് ഈടാക്കും. മന്ത്രിയുടെ സ്റ്റാഫില്‍ പ്രവര്‍ത്തിക്കവേ, വാഹനം ദുപയോഗം ചെയ്തോയെന്ന് പരിശോധിക്കേണ്ടത് മന്ത്രിയുടെ ഓഫീസാണെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കി.

വൈദ്യുതി ബോര്‍ഡിലെ സ്വാഭാവിക നടപടിയും ആഭ്യന്തര കാര്യവുമായതിനാല്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ബോര്‍ഡിലെ അച്ചടക്ക നടപടികള്‍, ചട്ടം പാലിച്ചും, മുന്‍വിധിയില്ലാതെയും, പ്രതികാര നടപടിയില്ലാതെയും, ഒരഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ വൈദ്യുതി മന്ത്രി ഇന്നലെ വിളിച്ച യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു, ഓഫീസേഴ്സ് അസോസിയേഷന്‍ വൈദ്യുതി ഭവന്‍ വളഞ്ഞ ഏപ്രില്‍ 19 തീയതി വച്ചാണ് സുരേഷ് കുമാറിന് പിഴയടക്കാനുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഘടന നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന ചെയര്‍മാന്‍റെ കര്‍ശന നിലപാടിന്‍റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്‍റെ പേരിൽ അസോസിയേഷൻ പ്രസിഡണ്ട് എം ജി സുരേഷിനെതിരെ വീണ്ടും നടപടിക്കൊരുങ്ങുകയാണ് മാനേജ്മെന്‍റ്. ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം ലേഖനത്തിൽ ആവർത്തിച്ചതാണ് കാരണം. ഈ ആരോപണം ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സുരേഷ്കുമാറിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിച്ചിട്ടും ആരോപണം ആവർത്തിക്കുന്നതിനെ ഗൗരവമായി മാനേജ്മെന്‍റ് കാണുന്നു. അതേസമയം, വൈദ്യുതി ഭവന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം, ചൊവ്വാഴ്ച അവസാനിപ്പിച്ചിരുന്നു. മെയ് മൂന്ന് മുതല്‍ സംസ്ഥാനത്ത് 2 മേഖലാ ജാഥകള്‍ തുടങ്ങും. മെയ് 16 ന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്കും, അനിശ്ചിതകാല നിരാഹര സമരത്തിലേക്കും നീങ്ങുമെന്നാണ് ഓഫീസേഴ്സ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.

സര്‍വ്വീസ് ചട്ട ലംഘനത്തിന് നടപടിയെടുക്കുമെന്ന ചെയര്‍മാന്‍റെ ഉത്തരവ് തള്ളി, ആയിരത്തളം പേരെ അണിനിരത്തിയാണ് ഓഫീസേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം വൈദ്യുതി ഭവന്‍ വളഞ്ഞത്. ഓഫീസര്‍മാരുടെ എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്താമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചതും അനുകൂല തീരുമാനം ഉടനുണ്ടാകില്ലെന്ന് ഉറപ്പായതുമാണ് സമരം തത്കാലത്തേക്ക് സമരം അവസാനിപ്പിക്കാന്‍ കാരണമായത്. അതേസമയം ഓഫീസേഴ്സ് അസോസിയേഷനെതിരെ കൂടുതല്‍ അച്ചടക്ക നടപടിക്ക് കെഎസ്ഇബി ഒരുങ്ങുകയാണ്. ഏപ്രില്‍ 5 ന് സത്യഗ്രഹ സമരത്തിന്‍റെ ഭാഗമായി ബോര്‍ഡ് യോഗത്തിലേക്ക് തള്ളിയക്കയറിയ 18 പേരെ തിരിച്ചറിഞ്ഞു. വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച് ചീഫ് വിജിലന്‍സ് ഓഫീസറാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ ബോര്‍ഡ് തീരുമാനം ഉടനുണ്ടാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും