
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ കെഎസ്ഇബിക്ക് ഇതുവരെ ഉണ്ടായത് 121 കോടി രൂപയുടെ നഷ്ടം. പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പികളിൽ തൊടരുതെന്നാണ് പൊതുജനങ്ങൾക്കുള്ള കെഎസ് ഇബിയുടെ മുന്നറിയിപ്പ്. ജീവനക്കാരുടെ കുറവ് കണക്കിലെടുത്ത് ആയിരത്തോളം പേരെ താൽക്കാലികമായി നിയമിക്കുമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു.
കനത്തമഴയിലും കാറ്റിലും വ്യാപകമായാണ് വൈദ്യുതി പോസ്റ്റുകൾ തകർന്നത്. രാപ്പകലില്ലാതെ ജീവൻ പണയം വെച്ചാണ് കെഎസ് ഇബി ജീവനക്കാർ വൈദ്യുതി വിതരണം സുഗമമാക്കാൻ രംഗത്തുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം 2190 ഹൈടെൻഷൻ പോസ്റ്റുകളും, 16,366 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 2345 സ്ഥലങ്ങളിൽ ഹൈ ടെൻഷൻ ലൈനുകളും 45,459 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു. വിതരണമേഖലയിൽ ഏകദേശം 120,81,00,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വൈദ്യുതി ബന്ധം നിലച്ച സ്ഥലങ്ങളിൽ പുനസ്ഥാപിക്കാൻ തീവ്രശ്രമത്തിലാണ് കെഎസ്ഇബി.
വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും സമീപത്തേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ്. ഉടൻ സമീപത്തെ കെ എസ് ഇ ബി ഓഫീസിലോ 94 96 01 01 01 എന്ന നമ്പരിലോ അറിയിക്കണം. പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയില്‍ മാത്രമല്ല. സമീപത്തും വൈദ്യുതപ്രവാഹമുണ്ടാകാൻ സാധ്യതയുണ്ട്. കെ എസ് ഇ ബി ജീവനക്കാര്‍ എത്തുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കുവാന്‍ വേണ്ട ജാഗ്രത പാലിക്കണം. പൊട്ടിയ ലൈന്‍ വെള്ളത്തില്‍ കിടക്കുകയാണെങ്കില്‍ ആ വെള്ളത്തില്‍ സ്പര്‍ശിക്കരുത്. പൊട്ടിയ ലൈന്‍ തട്ടി ആര്‍ക്കെങ്കിലും ഷോക്കേറ്റാല്‍ അയാളുടെ ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ഉണങ്ങിയ മുളയോ കമ്പോ കൊണ്ട് തട്ടി ആളിനെ ലൈനില്‍ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നല്‍കി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam