അപകടം വിളിച്ചുവരുത്തുകയാണോ വേണ്ടത്? ചോദ്യവുമായി കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ, എൻജിനീയറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ കടുത്ത പ്രതിഷേധം

Published : Nov 22, 2026, 08:23 AM IST
kseb workers association protests suspension of sub engineer pv satheesh babu

Synopsis

വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കെ.എസ്.ഇ.ബി സബ് എൻജിനീയറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ജീവനക്കാരുടെ സംഘടനയായ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ

കണ്ണൂർ: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കെ.എസ്.ഇ.ബി സബ് എൻജിനീയറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ജീവനക്കാരുടെ സംഘടനയായ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ രംഗത്തെത്തി. കണ്ണൂർ സെക്ഷൻ സബ് എൻജിനീയർ പി.വി. സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്ത ഏകപക്ഷീയമായ ഉത്തരവ് ഉടൻ പിൻവലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ അധികൃതർ തയ്യാറാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. കത്തുന്ന എ.ബി (AB) സ്വിച്ചിൽ സുരക്ഷിതമായി അറ്റകുറ്റപ്പണി നടത്തി വലിയൊരു അപകടം ഒഴിവാക്കാനാണ് സബ് എൻജിനീയർ ശ്രമിച്ചതെന്ന് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. വൈദ്യുതി മന്ത്രിയുടെ കണ്ണൂരിലെ പരിപാടിയുടെ വിവരം സെക്ഷൻ ഓഫീസിൽ അറിയിച്ചിരുന്നില്ല. അപകട സാധ്യത മുന്നിൽ കാണുമ്പോൾ അറ്റകുറ്റപ്പണി നടത്താതെ അപകടം വിളിച്ചുവരുത്തുകയാണോ വേണ്ടതെന്ന് സംഘടന ചോദിച്ചു. വസ്തുതകൾ കൃത്യമായി പരിശോധിക്കാതെ ഉദ്യോഗസ്ഥനെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നും കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

ശനിയാഴ്ച രാവിലെ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ ചടങ്ങിനിടെയാണ് സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യാൻ മന്ത്രി സണ്ണി ജോസഫ് വേദിയിലെത്തിയതിന് പിന്നാലെ വൈദ്യുതി നിലയ്ക്കുകയായിരുന്നു. തുടർന്ന് മൈക്കില്ലാതെയാണ് സ്വാഗത പ്രസംഗം നടത്തിയതെന്നും, പിന്നീട് ജനറേറ്റർ എത്തിച്ചാണ് ചടങ്ങ് മുന്നോട്ട് കൊണ്ടുപോയതെന്നും അധികൃതർ അറിയിച്ചു. മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ചടങ്ങിൽ അധ്യക്ഷനായിരുന്ന കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനൻ കെ.എസ്.ഇ.ബി ചെയർമാന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സബ് എൻജിനീയർ പി.വി. സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് സമർപ്പിക്കാനും കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്.

അറ്റകുറ്റപ്പണികൾക്കായാണ് ലൈൻ ഓഫ് ചെയ്തതെന്ന വിശദീകരണം നിലനിൽക്കെ, യാഥാർത്ഥ്യം അന്വേഷിക്കാതെ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുത്തത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ജീവനക്കാരുടെ സംഘടന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മദ്യപാനികളും മാന്യാമായി പെരുമാറാൻ അറിയാത്തവരുമായ പൊലീസുകാരെ ശബരിമലയിലേക്ക് അയക്കരുത്'; എസ്പിമാർക്ക് ഐജിയുടെ കത്ത്
കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷം; കെസി-വിഡി പക്ഷങ്ങൾ നേർക്കുനേർ, മുഖ്യമന്ത്രിയുടെ ശൈലിമാറ്റം അനിവാര്യമെന്ന് കെസി പക്ഷം