
തിരുവനന്തപുരം: സര്‍ക്കാര്‍ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കെഎസ്എഫ്‍ഡിസി എംഡി. ദൃശ്യങ്ങള്‍ പുറത്തുപോയതിൽ ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കിൽ കര്‍ശന നടപടിയുണ്ടാകുമെന്ന് കെഎസ്എഫ്‍ഡിസി എംഡി പിഎസ് പ്രിയദര്‍ശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ ചോർന്നതിൽ സമഗ്ര അന്വേഷണം നടത്തുമെന്നും വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഹാക്കിംഗ് ആണെന്ന് പ്രാഥമിക സംശയമെന്നും പ്രിയദര്‍ശൻ പറഞ്ഞു.സ്വകാര്യ തിയേറ്ററുകളിലെ ദൃശ്യങ്ങളും ചോർന്നിട്ടുണ്ട്. ജാഗ്രത പാലിക്കണം എന്ന് എല്ലാം തിയറ്ററുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിയറ്ററുകളിലെ സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ ചോർത്തിയത് ആരാണെങ്കിലും കണ്ടുപിടിക്കുമെന്നും പ്രിയദര്‍ശൻ പറഞ്ഞു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്.
തിയറ്ററുകളിലെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിൽ സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണവും കെഎസ്‍എഫ്‍ഡിസി നടത്തുന്നുണ്ട്. ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന കാര്യമടക്കമാണ് പരിശോധിക്കുന്നത്. തിയറ്ററിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന, ദൃശ്യങ്ങളാണ് അശ്ലീല വെബ്സൈറ്റുകളിലെത്തിയത്. പെയ്ഡ് വെബ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതാണോയെന്ന കാര്യമടക്കം സൈബര്‍ സെൽ അന്വേഷിക്കുന്നുണ്ട്. അതല്ലെങ്കിൽ ഹാക്കിങിലൂടെ ദൃശ്യങ്ങള്‍ ചോര്‍ത്തിയതാണോയെന്നാണ് സംശയിക്കുന്നത്. തിയറ്ററിലെ സിനിമാസ്വാദകരുടെ ദൃശ്യങ്ങള്‍ ഇത്തരത്തിൽ അശ്ലീല സൈറ്റുകളിൽ എത്തിയത് ഗൗരവമായിട്ടാണ് കെഎസ്‍എഫ്‍ഡിസിയും പൊലീസും കാണുന്നത്. സിസിടിവി ദൃശ്യങ്ങളിലുള്ള തിയറ്ററിലെ സീറ്റുകളിൽ കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ ലോഗയടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇതുസംബന്ധിച്ച് ഇംഗ്ലീഷ് വാര്‍ത്താ പോര്‍ട്ടലിൽ വാര്‍ത്ത വന്നിരുന്നു.
അശ്ലീല സൈറ്റുകള്‍ക്ക് പുറമെ വിവിധ എക്സ് അക്കൗണ്ടുകളിലും ടെലഗ്രാം ചാനലുകളിലും കമിതാക്കളുടെ ദൃശ്യങ്ങള്‍ മുഖം പോലും ബ്ലര്‍ ചെയ്യാതെ പ്രതിക്ഷ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കെൽട്രോണ്‍ ആണ് കെഎസ്‍എഫ്‍ഡിസി തിയറ്ററുകളിൽ സിസിടിവി സ്ഥാപിച്ചതെന്നും അവ സുരക്ഷിതമാണെന്നുമാണ് അധികൃതര്‍ പറയുന്നത്. തിയറ്ററുകള്‍ക്ക് പുറമെ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളും ചോര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷക്കായി സ്ഥാപിച്ച സിസിടിവികളിലെ ദൃശ്യങ്ങള്‍ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ആഭ്യന്തര അന്വേഷണത്തിനുശേഷം ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ അറിഞ്ഞശേഷം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകാനാണ് കെഎസ്എഫ്‍ഡിസിയുടെ തീരുമാനം. അതേസമയം, പരാതിയില്ലെങ്കിലും സൈബര്‍ സെൽ സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam