കെഎസ്ആ‍ർടിസി 100 കോടി ക്രമക്കേട്; ശ്രീകുമാറിന്‍റെ വിശദീകരണത്തിന് ശേഷം നടപടിയെന്ന് എംഡി ബിജു പ്രഭാകർ

By Web TeamFirst Published Jan 30, 2021, 9:12 PM IST
Highlights

വിരമിച്ച ഉദ്യോഗസ്ഥർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനുണ്ടെന്നും ഇതിലും വിശദീകരണം ലഭിച്ചതിന് ശേഷമാകും വിജിലൻസിന് വിടുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്ന് കെഎസ്ആർടിസി എംഡി പറഞ്ഞു.

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ നൂറ് കോടി രൂപയുടെ ക്രമക്കേടിൽ ശ്രീകുമാറിൻ്റെ വിശദീകരണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് എംഡി ബിജു പ്രഭാകർ. വിശദീകരണത്തിന് സമയം അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്നും നടപടി എന്തായാലും ഉണ്ടാകുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കി. 

വിരമിച്ച ഉദ്യോഗസ്ഥർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനുണ്ടെന്നും ഇതിലും വിശദീകരണം ലഭിച്ചതിന് ശേഷമാകും വിജിലൻസിന് വിടുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്ന് കെഎസ്ആർടിസി എംഡി പറഞ്ഞു. ശമ്പള പരിഷ്കരണം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും ഗതാഗത മന്ത്രിയോട് ചർച്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകർ കൂട്ടിച്ചേർത്തു. 

ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജു പ്രഭാകര്‍  സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. 2010-13 കാലഘട്ടത്തില്‍ കെടിഡിഎഫ്സിയുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ 100 കോടി കാണാനില്ലെന്നും, ഇത് സംബന്ധിച്ച ഫയലുകളും കെഎസ്ആര്‍ടിസിയില്‍ ഇല്ലെന്ന ഗുരുതര ആരോപണമാണ് എംഡി ഉന്നയിച്ചത്. ധനകാര്യപരിശോധന വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് ഇത് ശരിവക്കുകയും ചെയ്തു. തുടര്‍ന്ന് നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടറും ആക്ഷേപം ഉയര്‍ന്ന കാലഘട്ടത്തില്‍ അക്കൗണ്ട്സിന്‍റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനുമായിരുന്ന കെ എം ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും തുടർ നടപടികൾ കാര്യമായി ഉണ്ടായില്ല. 

വിജിലൻസ് അന്വേഷണത്തിനുള്ള ശുപാർശ വൈകിയതോടെ ക്രമക്കേടിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. 

 

click me!