
തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനെ ബസിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. വെള്ളറട ഡിപ്പോയിലെ സുരേഷ് കുമാറിനെതിരെയാണ് കെഎസ്ആര്‍ടിസി നടപടി സ്വീകരിച്ചത്. സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തല്‍.
ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ബാലരാമപുരം സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണനെയാണ് ബിഎംഎസ് നേതാവ് കൂടിയായ സുരേഷ് കുമാര്‍ മര്‍ദ്ദിച്ചത്. യുവാവിന്റെ പരാതിയില്‍ കാട്ടാക്കട പൊലീസ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയില്‍ എത്തിയ ബസില്‍ ഒരു സീറ്റില്‍ ഇരിക്കുകയായിരുന്നു ഋതികും പെണ്‍ സുഹൃത്തും. ബസില്‍ കയറിയ സമയം മുതല്‍ സുരേഷ് കുമാര്‍ തന്നെ നോക്കുന്നുണ്ടായിരുന്നുവെന്ന് യുവാവ് പറഞ്ഞിരുന്നു. ബസ് കാട്ടാക്കടയില്‍ എത്തിയതോടെ സുരേഷ് മോശമായി സംസാരിച്ചെന്നാണ് ഋതിക്കിന്റെ പരാതി. അനാവശ്യം പറയുന്നോ എന്ന് ചോദിച്ചതോടെ ടിക്കറ്റ് മെഷ്യന്‍ ഉപയോഗിച്ച് സുരേഷ് കുമാര്‍ തലക്ക് അടിക്കുകയും ഷര്‍ട്ടില്‍ പിടിച്ച് തള്ളി താഴെയിട്ടു മര്‍ദ്ദിച്ചുവെന്നുമാണ് യുവാവിന്റെ പരാതി. ബസില്‍ കയറാന്‍ എത്തിയ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വെള്ളറട ഡിപ്പോയിലെ കണ്ടക്ടറായ സുരേഷ് കുമാറിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഇയാള്‍ക്കെതിരെ നേരത്തെയും കെഎസ്ആര്‍ടിസി നടപടി സ്വീകരിച്ചിട്ടുണ്ട്.
അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; അസഫാക് മുമ്പും പീഡനക്കേസിൽ പ്രതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam