കെഎസ്ആർടിസിയുടെ ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു

By Web TeamFirst Published Nov 22, 2020, 5:12 PM IST
Highlights

പാരിപ്പള്ളി മെഡി: കോളേജ്, ആലപ്പുഴ മെഡി:കോളേജ്, ലേക് ഷോർ ഹോസ്പ്പിറ്റൽ, അമൃത ഹോസ്പിറ്റൽ എന്നിവയെ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ പ്രത്യേക ബസ് സർവ്വീസ് ആരംഭിച്ചു. 

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ സർവ്വീസായ ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും വിവിധ ആശുപത്രികളിലൂടെ സഞ്ചരിച്ച് എറണാകുളം അമൃത ഹോസ്പിറ്റൽ വരെയാണ് സ്പെഷ്യൽ സർവ്വീസ്. 

രാവിലെ 5.10 നു തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നുമാണ് 'ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ്' ആരംഭിക്കുക. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ  പാരിപ്പള്ളി മെഡി: കോളേജ് (6.30 am) ആലപ്പുഴ  മെഡി:കോളേജ് (8.00 am) ലേക് ഷോർ ഹോസ്പ്പിറ്റൽ (9.15 am) വഴി അമൃത ഹോസ്പ്പിറ്റലിൽ എത്തിച്ചേരുന്ന വിധത്തിൽ സൂപ്പർ ഫാസ്റ്റ് സർവ്വീസായാണ് ക്രമീകരിച്ചിരിക്കുന്നത്.  

തിരിച്ച് 2.40 PM ന് അമൃത ഹോസ്പിറ്റലിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് ലേക് ഷോർ ഹോസ്പിറ്റൽ, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്, പാരിപ്പള്ളി മെഡിക്കൽ കോളേജ്,  തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരം സെട്രൽ ബസ് സ്‌റ്റേഷനിൽ എത്തും. യാത്രക്കാർ ആവശ്യപ്പെടുന്ന  പക്ഷം കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇത് പോലെയുള്ള കൂടുതൽ ഹോസ്പിറ്റൽ സർവ്വീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറെണെന്ന് സിഎംഡി അറിയിച്ചു. ഇതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ എല്ലാ യൂണിറ്റിലും ഇതിനകം നൽകിയിട്ടുണ്ടെന്നും സിഎംഡി ബിജു പ്രഭാകർ ഐഎഎസ് വ്യക്തമാക്കി. 

click me!