
എറണാകുളം: എറണാകുളം നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനിന്‍റാ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ 15ഓളം പേര്‍ക്കാണ് പരിക്കേറ്റത്.
ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. ഇന്ന് രാവിലെയോടെയാണ് കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. റോഡിന്‍റെ സമീപത്തുനിന്നും 10 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്.
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ പുറത്തേക്ക് തെറിച്ചുവീണ കുട്ടി ബസിന്‍റെ അടിയിൽ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിശേഷമാണ് പെണ്‍കുട്ടിയെ പുറത്തെത്തടുത്തത്. ബസിൽ കുടുങ്ങിയ മറ്റു യാത്രക്കാരെയും ഉടൻ തന്നെ പുറത്തെത്തിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിൽ നിരവധി യാത്രക്കാരാണ് ഉണ്ടായിരുന്നത്. നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്. ബസ് റോഡരികിലെ ക്രാഷ് ബാരിയറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam