'അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നില്ല ,ഉത്സവസീസണിലെ സ്പെഷ്യൽസര്‍വ്വീസുകള്‍ക്ക് 30% അധികനിരക്ക് അനുവദനീയം'KSRTC

By Web TeamFirst Published Nov 20, 2022, 1:09 PM IST
Highlights

ശബരിമല മണ്ഡലപൂജ കാലത്ത് കെഎസ്ആർടിസി നടത്തുന്ന സ്‌പെഷ്യൽ സർവീസിന് മാത്രമല്ല ഈ വർദ്ധനവ്. ബീമാപള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാൾ, മഞ്ഞണിക്കര പള്ളി പെരുന്നാൾ, മാരാമൺ കൺവെൻഷൻ,  തുടങ്ങി 53 ഉത്സവങ്ങൾക്ക് കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകൾക്ക് നിലവിലുള്ള നിരക്കിന്‍റെ 30 ശതമാനം അധികം വാങ്ങുന്നുണ്ടെന്നും വിശദീകരണം

തിരുവനന്തപുരം: അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് വിശദീകരണവുമായി കെഎസ്ആര്‍ടിസി രംഗത്ത്. നിലക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ക്ക് സാധാരണ നിരക്കിന്‍റെ ഇരട്ടിയോളം ഈടാക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആക്ഷേപം.എന്നാല്‍ മതവ്യത്യാസമില്ലാതെ പതിറ്റാണ്ടുകളായി 53 ഉത്സവ സീസണുകൾക്ക് ഓപ്പറേറ്റ് ചെയ്യുന്ന സ്പെഷ്യൽ സർവീസ് ബസ്സുകളിൽ 30% അധിക നിരക്ക് അനുവദിച്ചിട്ടുണ്ടന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.ശബരിമല മണ്ഡലപൂജ കാലത്ത് കെഎസ്ആർടിസി നടത്തുന്ന സ്‌പെഷ്യൽ സർവീസിന് മാത്രമല്ല ഈ വർദ്ധനവ്. ബീമാപള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാൾ, മഞ്ഞണിക്കര പള്ളി പെരുന്നാൾ, മാരാമൺ കൺവെൻഷൻ, തൃശൂർ പൂരം, ഗുരുവായൂർ ഏകാദശി, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങൾക്ക് കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകൾക്ക് നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങി സർവ്വീസ് നടത്തുന്നുണ്ട്.ആലപ്പുഴയിലെ പ്രശസ്തമായ നെഹ്റു ട്രോഫി വളളംകളിയോടനുബന്ധിച്ച് കെഎസ്ആർടിസി നടത്തുന്ന ഫെയർ/ ഫെസ്റ്റിവൽ സ്‌പെഷ്യൽ സർവീസിനും നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികമാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. പൊതു ആഘോഷങ്ങൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ സർവ്വീസിലും 30 ശതമാനം ചാർജ്ജ് വർദ്ധനവ് നിലവിലുണ്ടെന്നും കെഎസ്ആര്‍ടിസി ഫേസ്ബുക്കില്‍ വ്യക്തമാക്കി.

 

നിലക്കൽ കെഎസ്ആർടിസി സ്റ്റേഷൻ മുതൽ പമ്പ ത്രിവേണി വരെ 22.1 കിലോമീറ്ററാണുള്ളത്. ആദ്യത്തെരണ്ടരകിലോമീറ്ററിന് 10 രൂപയാണ് മിനിമം ചാർജ്ജ് ഈടാക്കുന്നത്. നിലക്കൽ മുതൽ പമ്പ വരെ ഒമ്പത് ഫെയർ സ്റ്റേജുകളാണ് നിലവിലുള്ളത്. ഫെയർ സ്റ്റേജുകൾക്ക് കിലോമീറ്ററിന് ഒരു രൂപയാണ് കെഎസ്ആർടിസി ഈടാക്കാറുള്ളത്. ഒമ്പത് ഫെയർ സ്റ്റേജുകൾക്ക് ആകെ വരുന്ന 22 .1 കിലോമീറ്ററിൽ നിന്ന് മിനിമം ചാർജ്ജ് ഈടാക്കുന്ന ആദ്യത്തെ രണ്ടര കിലോമീറ്റർ ദൂരം കുറച്ചുള്ള (22.1 - 2.5 = 19.6 ) ദൂരത്തിനാണ് കിലോമീറ്ററിന് ഒരു രൂപ എന്ന നിരക്കിൽ ( 19.6 x 1.0 = 19.6 രൂപ) ചാർജ്ജ് ഈടാക്കുന്നത്. ഇതടക്കം 29.6 അതായത് 30 രൂപയാണ് വരുന്നത്. ഈ മേഖല പൂർണ്ണമായും ഗാട്ട് ഏരിയയിൽ വരുന്നതിനാൽ നോർമൽ ചാർജായ 30 രൂപയുടെ 25 ശതമാനം ഗാട്ട് റോഡ് ഫെയർ ചാർജ്ജ് (G.O 37/2020) ആയി ഈടാക്കുന്നുണ്ട്. അതായത് 7.5 രൂപ. രൂപ (മിനിമം ചാർജ്ജ്) + 30 (ഫെയർ ചാർജ്ജ്) + 7.5 രൂപ (ഗാട്ട് റോഡ് ഫെയർ ചാർജ്ജ് ) = 37.5 രൂപ നിയമപ്രകാരം റൗണ്ട് ചെയ്ത് 38 രൂപയാണ ആകെ ഫെയർ. ഈ തുകയുടെ 30 ശതമാനം തുകയാണ് ഫെസ്റ്റിവൽ ഫെയർ ആയി ഈടാക്കുന്നത്. അതായത് 38 x 30 % = Rs 11.40 ഇത് കൂടി ചേർത്താൽ ആകെ ഫെയർ 49.4 ലോഫ്ലോർ നോൺ എ.സി ബസ്സിന്റെ റൗണ്ടിംഗ് നിയമം ഇനം B& F പ്രകാരം ടിക്കറ്റ് ചാർജ് 50 രൂപയും കൂടാതെ സെസ് ഇനത്തിൽ 3 രൂപയും ചേർത്ത് 53 രൂപയാണ് യഥാർത്ഥത്തിൽ യാത്രക്കാരിൽ നിന്ന് ഈടാക്കേണ്ടിയിരുന്നത്. എന്നാൽ ഈ നിരക്കിൽ നിന്ന് 3 രൂപയോളം കുറച്ചു കൊണ്ടാണ് 50 രൂപ നിരക്കിൽ കെഎസ്ആർടിസി നിലവിൽ സർവ്വീസ് നടത്തുന്നത്. ഇത്തരത്തിൽ 102 രൂപ ഫെയർ വാങ്ങാവുന്ന സ്ഥാനത്ത് 80 രൂപ മാത്രമാണ് AC ബസ്സുകൾക്ക് നിലക്കൽ പമ്പ സെക്ടറിൽ ഡിസ്കൗണ്ട് നൽകി ഈടാക്കി വരുന്നതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി

click me!