നിരീക്ഷണത്തില്‍ പോകേണ്ട ഉദ്യോഗസ്ഥ ജോലിക്കെത്തി; സര്‍വീസ് നടത്താൻ വിസമ്മതിച്ച കണ്ടക്ടര്‍മാര്‍ക്ക് സസ്പെൻഷൻ

By Web TeamFirst Published Jul 16, 2020, 1:13 PM IST
Highlights

ഹോം ക്വാറന്റീനില്‍ പോകേണ്ട ഉദ്യോഗസ്ഥയുടെ കാര്യത്തില്‍ നടപടിയെടുക്കാതെ മറ്റ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത് അംഗീകരിക്കില്ലെന്ന് കണ്ടക്ടര്‍മാര്‍ പറഞ്ഞു

കോട്ടയം: ഈരാറ്റുപേട്ടയില്‍ സര്‍വീസ് നടത്താൻ വിസമ്മതിച്ച 12 കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി സസ്പെൻറ് ചെയ്തു. നിരീക്ഷണത്തില്‍ പോകേണ്ട ഉദ്യോഗസ്ഥ ഡിപ്പോയിലെത്തിയതിനാലാണ് സര്‍വീസ് നടത്താത്തതെന്ന് സസ്പെൻഷനിലായ കണ്ടക്ടര്‍മാര്‍ അറിയിച്ചു.

പാലാ മുന്‍സിപ്പല്‍ ജീവനക്കാരന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം യാത്ര ചെയ്ത ബസിലെ 18 ജീവനക്കാരെ നിരീക്ഷണത്തില്‍ അയച്ചിരുന്നു. രോഗിയോടൊപ്പം ബസില്‍ യാത്ര ചെയ്ത ക്ലര്‍ക്കിനോട് ഇക്കഴിഞ്ഞ 14 ന് നിരീക്ഷണത്തില്‍ പോകാൻ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. ഇന്നലെ ഈ ഉദ്യോഗസ്ഥ ക്യാഷ് കൗണ്ടറില്‍ ഇരിക്കുകയും ചെയ്തു. ഇവരില്‍ നിന്ന് ടിക്കറ്റ് മെഷീൻ ഏറ്റ് വാങ്ങാൻ കണ്ടക്ടര്‍മാര്‍ തയ്യാറായില്ല. കണ്ടക്ടര്‍മാര്‍ നിസഹകരിച്ചതോടെ ഇന്നലെ സര്‍വീസുകള്‍ മുടങ്ങി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി അണുനശീകരണം നടത്തിയ ശേഷമാണ് ബാക്കി ജീവനക്കാരെ വച്ച് സര്‍വീസ് ആരംഭിച്ചത്. 

ഹോം ക്വാറന്റീനില്‍ പോകേണ്ട ഉദ്യോഗസ്ഥയുടെ കാര്യത്തില്‍ നടപടിയെടുക്കാതെ മറ്റ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത് അംഗീകരിക്കില്ലെന്ന് കണ്ടക്ടര്‍മാര്‍ പറഞ്ഞു. കോട്ടയം ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മുൻ കരുതല്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പാറത്തോട് പഞ്ചായത്തിലെ 8 ആം വാര്‍ഡ് ഉള്‍പ്പടുന്ന ഇടക്കുന്നം മേഖല മീഡിയം ക്ലസ്റ്ററാക്കും. പാറത്തോട് രോഗം ബാധിതനായ ഓട്ടോ ഡ്രൈവറില്‍ നിന്ന് 15 പേര്‍ക്കാണ് ഇവിടെ സമ്പര്‍ക്കത്തിലൂടെ രോഗം ലഭിച്ചത്. ഈ മേഖല കേന്ദ്രീകരിച്ച് ഇന്ന് ആന്‍റിജൻ പരിശോധനയും നടത്തും.

click me!