
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തശേഷം കൊണ്ട് വന്ന ആദ്യ ആശയം കേരളത്തിലെ എല്ലാ യൂണിറ്റുകളിലും മിന്നൽ വേഗത്തിൽ നടപ്പിലാക്കി കെഎസ്ആർടിസി. ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി കൊണ്ട് വലിയ ലാഭമാണ് കെഎസ്ആർടിസി സൃഷ്ടിച്ചിരിക്കുന്നത്. ഇതിലൂടെ ഒരു ദിവസം 52,456 ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി 13,101 ലിറ്റർ ഡീസൽ ഉപഭോഗം കുറയ്ക്കുന്നതുവഴി 12,51,392 രൂപ ഡീസൽ തുകയിനത്തിൽ ലാഭിക്കുകയും 2,09,825 രൂപ മെയിന്റനൻസ് തുകയിനത്തിൽ ലാഭിക്കുകയും കിലോമീറ്ററിന് നാലു രൂപ സ്പെയർപാർട്സ് കോസ്റ്റിന്റെ ഉൾപ്പെടെ ഒരു ദിവസത്തെ ലാഭം 14,61,217 രൂപയാണ്.
ഇത്തരത്തിൽ കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതിലൂടെ ഒരു മാസം ലാഭിക്കാൻ കഴിയുന്നത് 4,38,36,500 രൂപയാണ്. ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളും മലയോര/ആദിവാസി/തോട്ടംതൊഴിലാളി/തീരദേശ/കോളനി മേഖലകളിലേക്കും ഉള്ള സർവീസുകൾ നിലനിർത്തി മറ്റുള്ള സർവീസുകളിലെ ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി കൊണ്ട് ഈ ആശയം നടപ്പാക്കിയത്. അനാവശ്യ ചെലവുകളും വരുമാന ചോർച്ചയും തടയുക എന്നതാണ് കോടികൾ വരുമാനമുള്ള കെഎസ്ആർടിസിയുടെ നിലനിൽപ്പിന് ആവശ്യമുള്ളത് എന്ന തിരിച്ചറിവാണ് ഈ നേട്ടത്തിന് പിന്നില്ലെന്ന് കെഎസ്ആർടിസി അധികൃതർ തന്നെ പറയുന്നു.
ഓർഡിനറി സർവീസുകളിൽ നടപ്പിലാക്കി വൻ വിജയമായ ഈ പദ്ധതി സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലോട്ടുള്ള ദീർഘദൂര സർവീസുകളിൽക്കൂടി സമയബന്ധിതമായി തന്നെ പ്രാവർത്തികമാക്കുന്നതായിരിക്കും. അതിലൂടെ കെഎസ്ആർടിസിയുടെ വരുമാനത്തിന്റെ നട്ടെല്ലായ സർവീസ് ഓപ്പറേഷനിലെ ഭീമമായ നഷ്ടം ഒഴിവാക്കുവാനായി സാധിക്കും. ഇത്തരത്തിൽ കെഎസ്ആർടിസി ഇന്നത്തെ സാഹചര്യത്തിൽ ഡിമാൻഡ് ചെയ്യുന്ന ഫലപ്രദമായ പരിഷ്കരണ ആശയങ്ങൾ അതിവേഗം നടപ്പിലാക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam