
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു. മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്ന് യദുവിന്‍റെ ആവശ്യം. നാളെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. അതേസമയം, മേയറോട് ഡ്രൈവർ അശ്ലീല ആംഗ്യം കാണിക്കുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ പൊലീസിന് മൊഴി നൽകി.
മേയറും സംഘവും ബസ് തടഞ്ഞതിൽ ഡ്രൈവറുടെ പരാതിയിൽ ഇനിയും പൊലീസ് കേസെടുത്തിട്ടില്ല. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ മാത്രമാണ് കേസെടുത്തത്. പൊലീസ് മടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവർ യദു നാളെ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. സീബ്രാ ലൈനിൽ കാറിട്ട് ബസ് തടഞ്ഞ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി. ഇതിനിടെ, ഡ്രൈവർ മേയറോട് അശ്ലീല ആംഗ്യം കാണിക്കുന്നത് കണ്ടിട്ടില്ലെന്നാണ് ബസ് കണ്ടക്ടർ സുബിൻ പൊലീസിന് മൊഴി നൽകിയത്. പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ലെന്നാണ് മൊഴി. മേയർ സഞ്ചരിച്ച വാഹനത്തെ ബസ് ഓവർ ടേക് ചെയ്തിട്ടുണ്ടോയെന്നും വ്യക്തമല്ലെന്നാണ് കൻ്റോൺമെൻ്റ് പൊലീസിന് നൽകിയ മൊഴി. വിവാദം കത്തിപ്പടരുമ്പോഴും കണ്ടക്ടർ ഇതുവരെ രംഗത്ത് വന്നിരുന്നില്ല.
ഇതിനിടെ, ഡ്രൈവർ യദുവിനെതിരെ നടി റോഷ്ണ ആൻ റോയി ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചു. മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെ കുന്നംകുളത്ത് വെച്ച് തൻ്റെ വാഹനത്തെ യദു അപകടരമായ രീതിയിൽ മറികടന്നുവെന്നാണ് ആക്ഷേപം. ചോദ്യം ചെയ്തപ്പോൾ മോശമായി പെരുമാറിയെന്നും നടി ആരോപിച്ചു. അതേസമയം, ബസ്സിലെ മെമ്മറി കാർഡ് കാണാതെ പോയ സംഭവത്തിൽ പൊലീസിന് ഇനിയും കൃത്യമായ വിവരം കിട്ടിയിട്ടില്ല. തമ്പൂനാർ ഡിപ്പോയിൽ കൃത്യമായ സിസിടിവി ദൃശ്യങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി സ്ഥാപിച്ച കമ്പനിയോട് വിവരങ്ങൾ തേടാനാണ് പൊലീസ് നീക്കം.