
തിരുവനന്തപുരം:ആൾ ഇന്ത്യ റോഡ് സേഫ്റ്റി അവാർഡിൽ തിളങ്ങി കെ എസ് ആർ ടി സി യും , കെ എസ് ആർ ടി സി ജീവനക്കാരും.പൊതുഗതാഗത ബസുകൾ ഓടിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിനും, റോഡപകടങ്ങൾ തടയുന്നതിനും സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനു ദേശീയ തലത്തിൽ അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റൺ ട്രാൻസ്‌പോർട്ട് അണ്ടർടേക്കിംഗ്സ് ഇന്ത്യയിലെ മികച്ച ഡ്രൈവർമാരെ കണ്ടെത്തി ആദരിക്കുകയും, അഭിനന്ദിക്കുകയും ചെയ്യുന്നു.ദേശീയ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ മീറ്റിംഗുകൾ,കോൺഫറൻസുകൾ, സെമിനാറുകൾ/വർക്ക്ഷോപ്പുകൾ മുതലായവ നടത്തി ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രധാന പ്രശ്നങ്ങൾ അല്ലെങ്കിൽ വെല്ലുവിളികൾ തിരിച്ചറിയുന്നതിനും സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗുകളുടെ മികച്ച പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനുമുള്ള ഒരു ഫോറമായി ഇത് പ്രവർത്തിച്ചു വരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൊതുഗതാഗത രംഗത്തുള്ള നാൽപ്പത്തിരണ്ട് ഡ്രൈവർമാരെ അവരുടെ കളങ്കരഹിതമായ സേവനങ്ങൾക്കുള്ള നന്ദി സൂചകമായി ,അവരുടെ കുടുംബാംഗങ്ങളോടൊപ്പം ഈ പരിപാടിയിൽ ഡൽഹിയിൽ വച്ച് അഭിനന്ദിക്കുന്നു.കെ എസ് ആർ ടി സി ക്ക് ഇത് അഭിമാനാർഹമായ നേട്ടമാണ്. കെ എസ് ആർ ടി സി യുടെ അബ്ദുൾ റഷീദ്,അനീഷ് കുമാർ എന്നീ ഡ്രൈവർമാരെ ആൾ ഇന്ത്യ റോഡ് സേഫ്റ്റി അവാർഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അവാർഡിനർഹനായ അബ്ദുൾ റഷീദ്, അൻസിൽ മൻസിൽ,ഓൾസെയിന്റ്സ് കോളേജ് ജംഗ്ഷനിൽ താമസ്സക്കാരനാണ്., ഭാര്യ സുനിത എസ് , മകൻ ആദം റസൂൽ എന്നിവരടങ്ങുന്ന കൊച്ചു കുടുംബമാണ് റഷീദിനുള്ളത് . നിലവിൽ തിരുവനന്തപുരം സിറ്റി യൂണിറ്റ് ജീവനക്കാരനാണ്.
പുതിയറയ്ക്കൽ, കുന്നമംഗലം കോഴിക്കോട് താമസ്സക്കാരനാണ് ശ്രീ. അനിഷ് കുമാർ . ഭാര്യ വിജി കെ പി ക്കും മക്കൾ അദീന പുതിയറയ്ക്കൽ, അദിതി പുതിയറയ്ക്കൽ എന്നിവർക്കുമൊപ്പമാണ് താമസ്സം. പൂവാർ യൂണിറ്റിൽ ഡ്രൈവറായി സേവനം ആരംഭിച്ച അനിഷ് കുമാർ നിലവിൽ കോഴിക്കോട് യൂണിറ്റിലെ ഡ്രൈവറാണ്.