ഇതുവരെയും ശമ്പളം നൽകിയില്ല; കെഎസ്ആര്‍ടിസിയിൽ ദുരിതം; നാളെ ചീഫ് ഓഫീസിൽ പ്രതിഷേധം, തിങ്കളാഴ്ച ശക്തമാകും

By Web TeamFirst Published Dec 16, 2021, 8:10 PM IST
Highlights

നാളെ മുതല്‍ ചീഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിഎംഎസും, തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷികരിക്കുമെന്ന് ടിഡിഎഫും അറിയിച്ചു

 

തിരുവനന്തപുരം: ഡിസംബര്‍ മാസം പകുതി പിന്നിട്ടിട്ടും ശമ്പളം വിതരണം ചെയ്യാത്തതിൽ കെഎസ്ആര്‍ടിസി (KSRTC) ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. നാളെ മുതല്‍ ചീഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിഎംഎസും, തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷികരിക്കുമെന്ന് ടിഡിഎഫും അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്കെയിലിന് സമാനമായി, ശമ്പളം പരിഷ്കരിച്ചെന്ന പ്രഖ്യാപനം വന്നിട്ടും, കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിതത്തിന് അറുതിയില്ലെന്നതാണ് അവസ്ഥ. നവംബര്‍ മാസത്തെ ശമ്പളം ഇതുവരെയും വിതരണം ചെയ്തില്ല. പ്രതിമാസം 80 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് ശമ്പളവിതരണത്തിനായി വേണ്ടത്. ബാങ്ക് കണ്‍സോര്‍ഷ്യത്തിനുള്ള തിരിച്ചടവ് കൊവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്നു. ഇതിലേക്കുള്ള 30 കോടി കെഎസ്ആര്‍ടിസുടെ അക്കൗണ്ടിലുണ്ടായിരുന്നു. എന്നാല്‍ വരുമാനം മെച്ചപ്പെട്ട സാഹചര്യത്തില്‍ ബാങ്ക് കണ്‍സോര്‍ഷ്യം ഈ തുക നവംബര്‍ അവസാനം പിടിച്ചു.

സര്‍ക്കാരില്‍ നിന്നുള്ള സഹായം നീളുന്ന സാഹചര്യത്തിലാണ് പ്രതിസന്ധി രൂക്ഷമായത്. ശമ്പളം ലഭിക്കുന്നതുവരെ കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളിലും, ചീഫ് ഓഫീസിന് മുന്നിലും പ്രതിഷേധം നടത്തുമെന്ന് കെ എസ് ടി എംപ്ളോയീസ് സംഘ് അറിയിച്ചു. തിങ്കളാഴ്ചക്ക് മുമ്പ് ശമ്പള വിതരണം നടത്തിയില്ലെങ്കില്‍, ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് വ്യക്തമാക്കി.

അതേസമയം ഈ മാസം ഒമ്പതാം തിയതിയാണ് കെഎസ്ആർടിസിയിലെ ശമ്പള പരിഷ്ക്കരണത്തിൽ ധാരണയായത്. പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ അതേ ശമ്പള സ്കെയില്‍ കെഎസ്ആര്‍സിയിലും നടപ്പാക്കാനാണ് തീരുമാനം. സാമ്പത്തിക ബാധ്യത മറികടക്കാന്‍ 45 വയസ്സ് പിന്നിട്ട ജീവനക്കാര്‍ക്ക് പകുതി ശമ്പളത്തിന് 5 വര്‍ഷം വരെ അവധി അനുവദിക്കുന്ന പദ്ധതിയും ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ ശമ്പളം  23,000 രൂപ ആക്കി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു. 2022 ജനുവരി മാസം മുതലാകും പുതുക്കിയ ശമ്പളം നൽകിത്തുടങ്ങുകയെന്നാണ് മന്ത്രി അന്ന് വ്യക്തമാക്കിയത്.

click me!