
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എസി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ജീവനക്കാര്‍ രംഗത്ത്. കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളാണ് എസി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തണമെന്ന ആവശ്യവുമായി എംഡിക്ക് കത്തയച്ചിരിക്കുന്നത്. കൊവിഡ് 19 വൈറസ് എസി ബസുകളില്‍ എളുപ്പത്തില്‍ പടരാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചാണ് ജീവനക്കാരുടെ ആവശ്യം.
അതേസമയം കൊവിഡ് വൈറസ് ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി യാത്രക്കാര്‍ കുറഞ്ഞതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ പ്രതിദിനം ഒരു കോടി രൂപയോളം കുറവുണ്ടായി. പ്രതിദിനം ശരാശരി ആറുമുതല്‍ ആറര കോടി രൂപവരെ ലഭിക്കുന്നിടത്ത് ഇപ്പോള്‍ അഞ്ചുകോടി രൂപയാണ് കലക്ഷന്‍. ദീര്‍ഘദൂര യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായി കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റവും വരുമാനമുള്ള തൃശൂർ ഡിപ്പോയിൽ മാത്രം പ്രതിദിന വരുമാനത്തിൽ ശരാശരി രണ്ടു ലക്ഷം രൂപയുടെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂർ ഡിപ്പോയിൽ ജനുവരിയിൽ ശരാശരി പ്രതിദിന വരുമാനം 12 ലക്ഷം രൂപയുണ്ടായിരുന്നു. ഫെബ്രുവരിയിൽ ശരാശരി 11.25 ലക്ഷം രൂപയായി. മാർച്ച് ഏഴിന് 11.75 ലക്ഷമുണ്ടായിരുന്നത് ബുധനാഴ്‌ച ഒമ്പതു ലക്ഷമായി കുറഞ്ഞെന്നാണ് കണക്കുകള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam