'അപകടമുണ്ടായ ഉടനെ ബസ് നിര്‍ത്തിയിരുന്നു', ജീവനക്കാര്‍ക്ക് വീഴ്ച്ചയില്ലെന്ന് കെഎസ്ആര്‍ടിസി

By Web TeamFirst Published Sep 22, 2022, 5:34 PM IST
Highlights

ബസിന് പുറകെ വന്നവര്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ കൊണ്ടുപോയതിനാല്‍ ഇറങ്ങിയില്ലെന്നാണ് കൊട്ടാരക്കര ഡിപ്പോ ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്‍പെക്ടറുടെ പ്രതികരണം.

കൊല്ലം: കൊല്ലത്ത് ബസിൽ നിന്നും വിദ്യാർഥി തെറിച്ച് വീണ സംഭവത്തില്‍ ജീവനക്കാർക്ക് വീഴ്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെ എസ് ആര്‍ ടി സി. അപകടമുണ്ടായ ഉടനെ ബസ് നിർത്തി. എന്നാല്‍ ബസിന് പുറകെ വന്നവര്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ കൊണ്ടുപോയതിനാല്‍ ജീവനക്കാര്‍ ബസില്‍ നിന്ന് ഇറങ്ങിയില്ലെന്നാണ് കൊട്ടാരക്കര ഡിപ്പോ ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്‍പെക്ടറുടെ പ്രതികരണം. കൂടാതെ സംഭവം ഉണ്ടായ ഉടൻ ജീവനക്കാർ അപകട വിവരം എഴുകോണ്‍ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നുവെന്നും കണ്‍ട്രോളിംഗ് ഇൻസ്പെക്ടര്‍ പറഞ്ഞു.

കുണ്ടറ സ്വദേശിയായ നിഖിൽ സുനിലാണ് ബസിൽ നിന്നും തെറിച്ചു വീണത്. ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു അപകടം. എഴുകോണ്‍ ടെക്നിക്കൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അപകടത്തില്‍പ്പെട്ട നിഖിൽ സുനിൽ. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ബസില്‍ മടങ്ങും വഴിയാണ് അപകടമുണ്ടായത്. കൊട്ടാരക്കര ഡിപ്പോയിലെ ബസിൽ നിന്നാണ് നിഖിൽ തെറിച്ചു വീണത്. കൊട്ടാരക്കരയിൽ നിന്നും കരുനാഗപ്പള്ളിയിലേക്കുള്ള ബസിലായിരുന്നു നിഖിലും സുഹൃത്തുക്കളും യാത്ര ചെയ്തത്.

ചീരങ്കാവ് പെട്രോൾ പമ്പിന് സമീപമെത്തിയപ്പോഴാണ് നിഖിൽ ബസിൽ നിന്നും തെറിച്ച് വീണത്. എന്നാല്‍ അപകടമുണ്ടായിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്താൻ തയ്യാറായില്ലെന്നാണ് ആരോപണം. നിഖില് വീണത് കണ്ട് കൂട്ടുകാർ കരഞ്ഞ് ബഹളം വച്ചതോടെ അരക്കിലോ മീറ്റർ അകലെ ബസ് നിര്‍ത്തി ഇവരെ ഇറക്കിവിട്ടു. പരിക്കേറ്റ് റോഡിൽ കിടന്ന നിഖിലിനെ ആശുപത്രിയിലെത്തിച്ചത് ബസിന് പിന്നാലെ വന്ന ബൈക്ക് യാത്രക്കാരനാണ്. മുഖത്തും കൈക്കും കാലിനും പരിക്കേറ്റ ഒമ്പതാം ക്ലാസുകാരൻ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നിഖിലിന്‍റെ മാതാപിതാക്കൾ കൊല്ലം ഡിപ്പോയിൽ പരാതി നൽകിയിട്ടുണ്ട്. 

tags
click me!