
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പണിമുടക്കിന് പിന്നാലെ ജീവനക്കാർക്ക് മേൽ കടിഞ്ഞാൺ മുറുക്കാൻ മാനേജ്മെന്റ്. അച്ചടക്ക നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാവാത്തവരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി. ഇനി മുതൽ 190 ദിവസം ജോലിചെയ്യുന്നവരെ മാത്രമേ ശന്പള വർദ്ധനവിനും സ്ഥാനക്കയറ്റത്തിനും അടക്കം പരിഗണിക്കുകയുമുള്ളൂ.
തന്റെ വാക്കും സ്ഥാപനത്തിന്റെ അവസ്ഥയും കണക്കിലെടുക്കാതെ പണിമുടക്കിയവരോട് വിട്ടുവീഴ്ചയില്ലെന്ന് അന്നു തന്നെ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചു. അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി 5, 6, 7 തീയതികളിൽ ജോലിക്ക് ഹാജരാവാത്തവരുടെ പട്ടികയും തയ്യാറാക്കിത്തുടങ്ങി.
ജീവനക്കാർ 24 മണിക്കൂർ സമരംചെയ്ത ദിവസം തന്നെയാണ് മിനിമം ഡ്യൂട്ടി നിബന്ധനയും ഉത്തരവാക്കി ഇറക്കിയത്. ഇത് ജനുവരിയിൽ കോർപറേഷനിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായുണ്ടാക്കിയ ധാരണപ്രകാരമുള്ള ഉത്തരവായിരുന്നു. ഇത് പ്രകാരം കെഎസ്ആർടിസിയിൽ ഇനി മുതൽ ശമ്പള വർദ്ധനവ് , പ്രമോഷൻ, പെൻഷൻ തുടങ്ങിയവ ലഭിക്കാൻ എല്ലാവർഷവും ചുരുങ്ങിയത് 190 ദിവസം ഹാജർ വേണം.
മാരക രോഗങ്ങൾ പിടിപെടുന്നവർക്കും അപകടങ്ങളെ തുടർന്ന് കിടപ്പുരോഗികളാകുന്നവർക്കും ഇളവുണ്ട്. എന്നാൽ ഇവരുടെ കാര്യത്തിൽ അന്തിമ തീരുമാനം കെഎസ്ആർടിസി മാനേജ്മെന്റിന്റേതാണ്. അതിന് കെഎസ്ആർടിസി രൂപീകരിക്കുന്നതോ സർക്കാരിന്റേതോ ആയ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിക്കും. ഉറ്റ ബന്ധുക്കളുടെ മരണം നടന്നാലും 190 ദിവസം മിനിമം സേവനം എന്ന നിബന്ധനയിൽ ഇളവ് കിട്ടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam