കെഎസ്ആർടിസിയിൽ ഇത് വറുതിയുടെ ഓണക്കാലം, ശമ്പളം കിട്ടിയില്ല, ബോണസിലും അനിശ്ചിതത്വം

By Web TeamFirst Published Sep 5, 2019, 12:56 PM IST
Highlights

കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഇനിയും ശമ്പളം കിട്ടിയില്ല. ബോണസ്, ഓണം അഡ്വാന്‍സ് വിതരണത്തിലും അനിശ്ചിതത്വം തുടരുകയാണ്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇത് വറുതിയുടെ ഓണക്കാലം. ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഇനിയും ശമ്പളം കിട്ടിയില്ല. ബോണസ്, ഓണം അഡ്വാന്‍സ് വിതരണത്തിലും അനിശ്ചിതത്വം തുടരുകയാണ്.

എല്ലാ മാസവും അവസാന പ്രവൃത്തിദിവസമാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്യാറുള്ളത്. എന്നാല്‍ ഈ മാസം ഇതുവരെ ശമ്പളം പൂര്‍ണ്ണമായി വിതരണം ചെയ്തിട്ടില്ല. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇന്ന് ശമ്പളം വിതരണം ചെയ്ത് തുടങ്ങിയെങ്കിലും സൂപ്പ‍ര്‍വൈസറി വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. പ്രതിമാസം സര്‍ക്കാര്‍ 20 കോടി നല്‍കാറുണ്ടെങ്കിലും ഈ മാസം 16 കോടി മാത്രമാണ് നല്‍കിയത്. പ്രളയവും ഉരുള്‍പൊട്ടലും മൂലം ആഗസ്റ്റില്‍ കെഎസ്ആര്‍ടിസി വരുമാനം ഇടിഞ്ഞിരുന്നു.

ശമ്പളത്തിന് പുറമേ ബോണസ്, ഓണം അഡ്വാന്‍സ് എന്നിവക്കും ഇനി പണം കണ്ടെത്തണം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 27000 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് ബോണസ് ലഭിക്കുമ്പോള്‍ കെഎസ്ആടിസിയില്‍ 21000 രൂപയില്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്ക് ബോണസില്ല. ഇതിനെതിരെ ചീഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായെത്തിയ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

click me!