താൻ ഒളിവിലല്ല, അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്ന് ജാസ്മിൻ ഷാ

By Web TeamFirst Published Sep 5, 2019, 12:41 PM IST
Highlights

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ രാജേഷ് മനഃപൂർവം അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും ജാസ്മിൻ ഷാ.

തിരുവനന്തപുരം: താന്‍ ഒളിവിലല്ലെന്നും അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും യുഎൻഎ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ. യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെയാണ് ജാസ്മിൻ ഷായുടെ പ്രതികരണം. ജാസ്മിൻ ഷായും ഷോബി ജോസഫും അടക്കം നാല് പ്രതികൾക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ലെന്ന് ജാസ്മിൻ ഷാ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ രാജേഷ് മനഃപൂർവം അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും ജാസ്മിൻ ഷാ പറഞ്ഞു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കെയാണ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നതെന്നും ജാസ്മിൻ ഷാ കൂട്ടിച്ചേര്‍ത്തു.

യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ലുക്കൗട്ട് നോട്ടീസിൽ പറയുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു. നേരത്തേ ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ജാസ്മിന്‍ ഷാക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുയർന്നത്. ഇതിനെതിരെ പിന്നീട് കേസും രജിസ്റ്റർ ചെയ്യപ്പെട്ടു.

click me!