
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ വീണ്ടും പെന്‍ഷന്‍ മുടങ്ങി. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതം പൂര്‍ണമായും നല്‍കി കഴിഞ്ഞതോടെയാണ് പെൻഷൻ മുടങ്ങിയത്. പെന്‍ഷന്‍കാരുടെ സംഘടനയും കുടംബാംഗങ്ങളും സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
കഴിഞ്ഞ ബജറ്റില്‍ 1000 കോടിയാണ് കെഎസ്ആര്‍ടിസിക്ക് വകയിരുത്തിയിരുന്നത്. കൊവിഡ് വ്യാപനം കനത്ത വരുമാന നഷ്ടമുണ്ടാക്കിയതോടെ ശമ്പളവിതരണത്തിന് പൂര്‍ണമായും സര്‍ക്കാര്‍ സഹായത്തെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടായി. ശമ്പള പരിഷ്കരണം വൈകിയ സാഹചര്യത്തില്‍, ജീവനക്കാര്‍ക്ക് ശമ്പളത്തോടൊപ്പം 1500 രൂപ ഇടക്കാലാശ്വാസം നല്‍കുന്നുണ്ട്. മൂന്ന് ഡിഎ കുടിശ്ശിക കഴിഞ്ഞ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കി. ഇതിനുള്ള അധിക തുകയും സര്‍ക്കാര്‍ സഹായത്തില്‍ നിന്നെടുത്തു. സഹകരണ ബാങ്കുകള്‍ വഴിയാണ് പെന്‍ഷന്‍ നല്‍കുന്നത്.
9 ശതമാനം പലിശ ഉള്‍പ്പെടെ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ബജറ്റ് വിഹിതം പൂര്‍ണമായും നല്‍കി കഴിഞ്ഞ് സാഹചര്യത്തില്‍ ഈ മാസം പെന്‍ഷന്‍ തുക സഹകരണ ബങ്കുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.
പ്രതിസന്ധി പരിഹരിക്കാന്‍ ധനവകുപ്പില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ബജറ്റ് വിഹിത വിനിയോഗം പരിശോധിച്ച്, നീക്കിയിരിപ്പുള്ള തുക കെഎസ്ആർടിസി പെൻഷന് വേണ്ടി സഹകരണ ബാങ്കുകള്‍ക്ക് കൈമാറാനാണ് നീക്കം. അവധി ദിവസങ്ങളും ബാങ്ക് പണിമുടക്കും കണക്കിലെടുക്കമ്പോള്‍ ഇത് നീളാനാണ് സാധ്യത.
കെഎസ്ആര്‍സിയിലെ പെന്‍ഷന്‍ ഉറപ്പുവരുത്തുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇടതുമുന്നണി വാഗ്ദാനം നല്‍കിയിരുന്നു. പെന്‍ഷന്‍ മുടങ്ങുന്നത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പെന്‍ഷന്‍കാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam