കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടങ്ങി; സാങ്കേതിക പ്രശ്‍നമെന്ന് വിശദീകരണം

By Web TeamFirst Published Jul 18, 2019, 6:29 PM IST
Highlights

കഴിഞ്ഞ വര്‍ഷം  ഫെബ്രുവരി മുതലാണ് സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യം  വഴി കെഎസ്ആര്‍ടിസിയില്‍  പെന്‍ഷന്‍ വിതരണം ചെയ്ത് തുടങ്ങിയത്.
 

തിരുവനന്തപുരം: സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള കരാര്‍ പുതുക്കാനുള്ള നടപടി നീളുന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടങ്ങി. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  കഴിഞ്ഞ വര്‍ഷം  ഫെബ്രുവരി മുതലാണ് സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യം  വഴി കെഎസ്ആര്‍ടിസിയില്‍  പെന്‍ഷന്‍ വിതരണം ചെയ്ത് തുടങ്ങിയത്.

ആദ്യം 9 മാസത്തേക്കും ,പിന്നീട് മൂന്ന് മാസം വീതമുള്ള കരാറായും ഇത് മാറ്റുകയായിരുന്നു. സഹകരണ സ്ഥാപനങ്ങള്‍ പെന്‍ഷന്‍കാരുടെ അക്കൗണ്ടിലേക്ക് പണം നല്‍കും. 10 ശതമാനം പലിശ സഹിതം സര്‍ക്കാര്‍ ഇത് സഹകരണ ബാങ്കുകള്‍ക്ക് മടക്കി നല്‍കുകയുമാണ് കരാര്‍ പ്രകാരം ചെയ്യുന്നത്. ഏറ്റവും ഒടുവിലെ കരാര്‍ കാലാവധി ജൂണില്‍ കഴിഞ്ഞു. ജൂലൈ മാസം പകുതി പിന്നിട്ടെങ്കിലും കരാര്‍ പുതുക്കിയിട്ടില്ല. 

പുതിയ കരാറിനുള്ള ഉത്തരവ് ഗതാഗത വകുപ്പില്‍ തയ്യാറായി. ഇനി സഹകരണവകുപ്പിന്‍റെ  അംഗീകാരം കിട്ടണം. അതിനുശേഷം കെഎസ്ആര്‍ടിസി എംഡിയും സഹകരണവകുപ്പുമായി ധാരണപത്രം ഒപ്പുവക്കണം. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ഇതിന് വേണ്ടിവരുമെന്നാണ് വിലയിരുത്തുന്നത്. അതായത് കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ കിട്ടാന്‍ ഈ മാസം അവസാനം വരെ കാത്തിരിക്കണമെന്നുറപ്പ്. 

click me!