
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കെ എസ് ആർ ടി സി (KSRTC)സർവീസുകൾ ഭാഗികമായി നിലച്ചു(PARTIALLY STOPPED).ഇന്ധന പ്രതിസന്ധിയും (DIESEL SCARCITY)മഴക്കെടുതികളും കണക്കിലെടുത്ത് ഓർഡിനറി അടക്കം മഹാഭൂരിപക്ഷം ദീർഘദൂര ബസ്സുകളും സർവീസ് നടത്തില്ല. കിലോമീറ്ററിന് 35 രൂപയിൽ കുറവ് വരുമാനമുള്ള ബസ്സുകളാണ് നിർത്തിയിടുന്നത്.നിരത്തിലിറങ്ങിയത് പകുതി ഓർഡിനറി ബസുകൾ മാത്രമാണ്. ഇരുപത്തിയഞ്ച് ശതമാനം ദീർഘദൂര ബസുകളും നിലച്ചു
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ 54 സർവീസ് വേണ്ടിടത്ത് നിരത്തിൽ ഇറക്കിയത് 20 ബസുകൾ മാത്രമാണ്.വികാസ് ഭവൻ ഡിപ്പോയിൽ നാൽപതിന് പകരം 20 സർവീസുകൾ മാത്രം .തമ്പാനൂരിൽ 10 ദീർഘദൂര ബസുകൾ വെട്ടിക്കുറച്ചു . പാപ്പനംകോട് നിന്ന് പുറപ്പെടേണ്ട 66 ബസുകൾക്ക് പകരം 39 ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവില്വാമല സർവീസുകൾ റദ്ദാക്കി. സർവീസകൾ ക്ലബ് ചെയ്ത് യാത്രാക്കരെ കയറ്റി വിടുകയാണിപ്പോൾ
കോഴിക്കോട് കെ എസ് ആർ ടി സിയിൽ ഡീസൽ ക്ഷാമം രൂക്ഷമായി . ആറ് ഓർഡിനറി സർവ്വീസുകൾ മുടങ്ങി. സിവിൽ സപ്ലൈസ് പമ്പിൽ നിന്ന് ഡീസൽ നിറച്ച് ദീർഘ ദൂര സർവ്വീസുകൾ നടത്തുന്നുണ്ട്. ജില്ലയിൽ കെ എസ് ആർ ടി സിക്ക് ഉള്ളത് മൂന്ന് പമ്പുകൾ ആണ്. ഇതിലൊന്നിലും ഡീസൽ ഇല്ലാത്ത സാഹചര്യം ആണ്
പാലക്കാട് ജില്ലയിൽ 25 സർവീസുകൾ വെട്ടിക്കുറച്ചു. കണക്കുകൾ ഇങ്ങനെ
പാലക്കാട് ഡിപ്പോ 16
മണ്ണാർക്കാട് ഡിപ്പോ 7
വടക്കഞ്ചേരി ഡിപ്പോ 9
ചിറ്റൂർ ഡിപ്പോ 3.
കോയമ്പത്തൂർ റൂട്ടിൽ തിരക്ക് അനുസരിച്ചു സർവീസ് ക്രമീകരണം നടത്തും
തൃശൂർ ജില്ലയിലെ കണക്ക്
തൃശൂർ ഡിപ്പോയിലെ 50 സർവീസിൽ 36 എണ്ണം സർവീസ് നടത്തി.പുതുക്കാട് 19 ൽ 9 ബസ് സർവീസ് നടത്തി. ചാലക്കുടി ഡിപ്പോയിലെ 35 ബസിൽ 15 എണ്ണം സർവീസ് നടത്തി.ഗുരുവായൂർ ഡിപ്പോയിലെ 25 സർവീസിൽ 19 ബസുകൾ സർവീസ് നടത്തി.കൊടുങ്ങല്ലൂർ ഡിപ്പോയിലെ 14 സർവീസിൽ 6 ബസ് ഓടുന്നു.മാള ഡിപ്പോയിലെ 25 ബസിൽ 13 എണ്ണം സർവീസ് നടത്തി. ഇരിങ്ങാലക്കുട ഡിപ്പോയിലെ 14 ബസിൽ 11 ബസ് സർവീസ് നടത്തി
തിരക്ക് അനുസരിച്ച് സൂപ്പർ ക്ലാസ് സർവീസുകൾ നടത്താനാണ് നിർദേശം. ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ സർക്കർ 20 കോടി രൂപ നൽകിയെങ്കിലും അത് കെ എസ് ആർ ടി സിയുടെ അക്കൗണ്ടിൽ എത്താൻ ചൊവ്വാഴ്ച കഴിയും. അതിനാൽ നിലവിലെ പ്രതിസന്ധി ബുധനാഴ്ച വരെ തുടർന്നേക്കുമെന്നാണ് സൂചന. എന്നാൽ സിറ്റി സർവീസുകൾ അടക്കം തിരക്കുള്ള ഹ്രസ്വദൂര ബസ്സുകളെ പ്രതിസന്ധി കാര്യമായി ബാധിച്ചേക്കില്ല
123 കോടി രൂപയാണ് നിലവിൽ കെ എസ് ആർ ടി സി എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെ എസ് ആർ ടി സിക്ക് ഡീസൽ നൽകാനാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോര്‍പറേഷൻ ആവർത്തിച്ചു.
ഡീസൽ പ്രതിസന്ധി മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ, ഓർഡിനറി സർവീസുകളെ മാത്രമല്ല ദീർഘദൂര സർവീസുകളെയും ബാധിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സർവീസുകളും മുടങ്ങി. പ്രതിസന്ധിയുടെ ഉത്തരവാദിത്തം സർക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ഇതിനിടെ, വിപണി വിലയ്ക്ക് കെഎസ്ആർടിസിക്ക് ഡീസൽ നൽകാനാകില്ലെന്ന് ഐ ഒ സി സുപ്രീംകോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് ഐ ഒ സിയുടെ സത്യവാങ്മൂലം. ഡീസല്‍ വാങ്ങിയ ഇനത്തില്‍ 139.97 കോടി രൂപ കെഎസ്ആര്‍ടിസി നല്‍കാനുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നു.
ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഉള്ള ആനുകൂല്യങ്ങളും കെ എസ് ആർ ടി സിക്ക് നൽകിയിരുന്നു. ഇതെല്ലാം സ്വീകരിച്ച ശേഷം ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വില കൂടിയപ്പോള്‍ ചെറുകിട ഉപഭോക്താക്കള്‍ക്കുള്ള വിലയിൽ ഇന്ധനം നൽകണെന്ന് പറയുന്നത്. ഇത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത് കരാർപ്രകാരമാണ്. അതിൽ തർക്കമുണ്ടെങ്കിൽ ആര്‍ബിട്രേഷനിലൂടെയാണ് പരിഹരിക്കേണ്ടെതെന്നും ഐ ഒ സി പറയുന്നു. അതിനാൽ യതൊരു അടിസ്ഥാനവുമില്ലാത്ത ഹർജി പിഴയിടാക്കി തള്ളണമെന്നാണ് ഐ ഒ സി കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചി ഇന്‍സ്റ്റിറ്റ‍്യൂഷണല്‍ ബിസിനസ് മാനേജര്‍ എൻ.ബാലാജിയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് വരെയും സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല.