
തിരുവനന്തപുരം: താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി മൂലം കെഎസ്ആർടിസി സർവീസുകൾ ഇന്നും തടസപ്പെടും. പ്രവൃത്തി ദിനമായതിനാൽ യാത്രാക്കാരുടെ ദുരിതം ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. തെക്കൻ കേരളത്തിലായിരിക്കും രൂക്ഷമായ പ്രതിസന്ധി.
പ്രതിസന്ധി രൂക്ഷമാകുമെന്ന് വ്യക്തമായതോടെ ടേൺ അനുസരിച്ച് ഇന്ന് അവധിയുള്ളവരോട് തിരിച്ച് ജോലിക്ക് എത്തണമെന്നും സർവ്വീസുകൾ മുടങ്ങാതെ ക്രമീകരണം നടത്തണമെന്നും മാനേജ്മെന്‍റ് സോണൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനമാകെ 600ലേറെ സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. ദീർഘദൂര സർവീസുകളിലും എസി സർവീസുകളിലും താൽക്കാലിക ഡ്രൈവർമാരില്ലാത്തതിനാൽ ഈ സർവീസുകൾ മുടങ്ങില്ല.
സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 താൽക്കാലിക ഡ്രൈവർമാരെയാണ് കെഎസ്ആർടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. പിഎസ് സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലായിരുന്നു കൂട്ട പിരിച്ചുവിടലിന് കോടതി നിർദ്ദേശം. പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യുമെന്നതിൽ സർക്കാരിനും ആശങ്കയുണ്ട്.
പിരിച്ചുവിട്ടവരെ വീണ്ടും കരാർ അടിസ്ഥാനത്തിൽ തിരിച്ചുനിയമിക്കുന്നതിന്‍റെ സാധ്യത ഗതാഗതവകുപ്പ് പരിശോധിക്കുന്നുണ്ട്. പിഎസ്‍സി റാങ്ക് പട്ടികയിൽ നിന്നും താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഡ്രൈവർമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസിലെ കോടതി നിലപാട് കൂടി അറിഞ്ഞാകും തുടർനീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam